കടുവാ സംരക്ഷണ കേന്ദ്രത്തിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ​ഗാർഡിനെ നാട്ടുകാർ പിടികൂടി മർദിച്ചു

രാജസ്ഥാനിലെ സാവോയ് മധോപൂർ ജില്ലയിലെ രൺഥംഭോർ കടുവ സംരക്ഷണ കേന്ദ്രത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച ഫോറസ്റ്റ് ​ഗാർഡിനെ നാട്ടുകാർ പിടികൂടി മർദിച്ചു. ഫോറസ്റ്റ് ഗാർഡ് മുകേഷ് ​ഗുർജാർ (41) ആണ് 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. കടുവ സംരക്ഷണ കേന്ദ്രം കാണാൻ പോയ വിദ്യാർഥിനിയെ ഇയാൾ പിടികൂടുകയും ബലാത്സം​ഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ കൈയോടെ പിടികൂടുകയും മർദിക്കുകയും ചെയ്തു.

പീഡനശ്രമത്തിന് പിന്നാലെ ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി സമീപത്തെ കിണറ്റിൽ ചാടി. എന്നാൽ ഇതുകണ്ട നാട്ടുകാരും കടുവ സംരക്ഷണ കേന്ദ്രം ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, നാട്ടുകാരുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ​ഗുർജാറിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ജയ്പ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി രാവഞ്ചിന ​ദൻ​ഗാർ സ്റ്റേഷനിലെ എസ്എച്ച്ഒ പറ‍ഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഗുർജാറിനെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും നിലവിൽ നാട്ടുകാർക്കെതിരെ ഫോറസ്റ്റ് ഗാർഡ് പരാതി നൽകിയിട്ടില്ലെന്നും എസ്എച്ച്ഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *