ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിലെ ജീവനക്കാർക്കെതിരെ പോക്സോ കേസ്. കോയമ്പത്തൂരിലെ ഇഷ യോഗ ഹോം സ്കൂളിലെ നാല് ജീവനക്കാരുടെയും ഒരു വിദ്യാർഥിയുടെ പേരിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആന്ധ്രാ സ്വദേശിയായ വിദ്യാർഥി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി.
ആന്ധ്രാപ്രദേശിൽ നിന്നുള്ള 46 കാരിയായ ഒരു സ്ത്രീയാണ് പരാതി നൽകിയത്. 2017 നും 2019 നും ഇടയിൽ ഇഷ ഫൗണ്ടേഷനിൽ വിദ്യാർഥിയായിരുന്ന തന്റെ മകൻ സഹപാഠിയിൽ നിന്ന് ലൈംഗികാതിക്രമത്തിനും ഭീഷണികൾക്കും ഇരയായതായി യുവതി പരാതിയിൽ പറയുന്നു. സംഭവങ്ങൾ സ്കൂളിലെ രക്ഷിതാക്കൾ, പ്രിൻസിപ്പൽ, ജനറൽ കോർഡിനേറ്റർമാർ എന്നിവരെ അറിയിച്ചിട്ടും ഇഷ യോഗ മാനേജ്മെന്റ് കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
കുറ്റാരോപിതനായ വിദ്യാർഥിയുടെ കുടുംബത്തിന്റെ ഉന്നത പദവി ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്റ് തന്റെ പരാതികൾ തള്ളിക്കളഞ്ഞതായി യുവതി പറഞ്ഞു. കൂടാതെ, സ്ഥാപനത്തിന്റെ സ്ഥാപകനായ ജഗ്ഗി വാസുദേവിന്റെ സൽപ്പേരിന് കോട്ടം വരുത്തുമെന്നും അതിനാൽ വിഷയത്തിൽ പൊലീസ് ഇടപെടൽ ഒഴിവാക്കാണമെന്നും സ്കൂൾ അധികൃതർ സമ്മർദ്ദം ചെലുത്തിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
കഴിഞ്ഞ നവംബറിലാണ് വിദ്യാർഥിയുടെ അമ്മ കോയമ്പത്തൂർ പൊലീസിൽ പരാതി നൽകുന്നത്. ജനുവരി 31ന് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. മാർച്ച് അവസാന ആഴ്ചയിലാണ് സംഭവത്തിൽ കേസെടുത്തെന്ന് അറിയിച്ച് പരാതിക്കാർക്ക് പകർപ്പ് നൽകിയത്. പോക്സോ 10, 21(2), 9(1) വകുപ്പുകളും ബിഎൻഎസ് 476 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്നാണ് ഇഷ ഫൗണ്ടേഷൻ്റെ പ്രതികരണം.