കൊച്ചി തിരുവാണിയൂർ സ്‌കൂളിൽ വിദ്യാർഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യ റാഗിങ് കാരണം അല്ലെന്ന് പോലീസ് റിപ്പോർട്ട്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ അഹമ്മദ്.
റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും പുത്തൻകുരിശ് പോലീസ് ആലുവ റൂറൽ എസ്.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്
ജനുവരി 15-നാണ് തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽനിന്ന് ചാടി മിഹിർ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളിൽനിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് തന്റെ മകന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് മിഹിറിന്റെ മാതാവ് രംഗത്തെത്തുകയായിരുന്നു.
കുട്ടി മറ്റ് വിദ്യാർഥികളിൽനിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റിൽ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ സ്‌കൂളിലേക്കും പ്രിൻസിപ്പലിനെതിരേയും വലിയ പ്രതിഷേധങ്ങളുണ്ടായി.
മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ് അല്ലെന്ന് വ്യക്തമാക്കി പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അതേസമയം, മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് നേരത്തെ പിതാവ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാവ് റാഗിങ് ആരോപണം ഉന്നയിച്ചുകൊണ്ട് പോലീസിൽ പരാതിപ്പെട്ടത്.