ഡ്രൈവർമാർക്ക് റാങ്കിങ് നിശ്ചയിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിർമിത ബുദ്ധി, ബിഗ് ഡേറ്റ എന്നിവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ഡ്രൈവർമാർക്ക് ലഭിച്ച ട്രാഫിക് പിഴകൾ, ബ്ലാക്ക് പോയന്റുകൾ, അപകടങ്ങൾ എന്നിവ വിലയിരുത്തി റാങ്കിങ് നിശ്ചയിക്കും. പരീക്ഷണ ഘട്ടത്തിലുള്ള പ്ലാറ്റ്ഫോം വൈകാതെ പുറത്തുവിടുമെന്നാണ് ആർ.ടി.എ വൃത്തങ്ങൾ നൽകുന്ന സൂചന. ഡ്രൈവർ റിസ്ക് സ്കോർ എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോം അപകട സാധ്യതയുള്ള ഡ്രൈവർമാരുടെ പെരുമാറ്റം വിശകലനം ചെയ്യാനും മെച്ചപ്പെടുത്താനും സഹായിക്കും.
ബിഗ് ഡേറ്റ പ്ലാറ്റ്ഫോമിലൂടെ വ്യത്യസ്ത ഘടകങ്ങൾ സംയോജിപ്പിച്ചാണ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചതെന്ന് ആർ.ടി.എയുടെ കോർപറേറ്റ് ടെക്നിക്കൽ സപ്പോർട്ട് സർവിസസ് സെക്ടർ ആൻഡ് സി.എ.ഐ.ഒ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ മുദ്രിബ് പറഞ്ഞു. ഡ്രൈവർമാർക്ക് എമിറേറ്റ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്താൽ നിങ്ങളുടെ പെരുമാറ്റം, ട്രാഫിക് പിഴകൾ, സ്കോർ നിർവചിക്കുന്ന വിവിധ ഘടകങ്ങൾ എന്നിവ നോക്കി ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എത്രത്തോളം അപകടസാധ്യതയുള്ള ആളാണെന്ന് വ്യക്തമാക്കും.
ഈ വിവരങ്ങൾ കാർ ഇൻഷുറൻസ് കമ്പനികൾക്കും സഹായകമാവുമെന്ന് അൽ മുദ്രിബ് പറഞ്ഞു. ട്രാഫിക് അപകടങ്ങൾ, പിഴകൾ, ബ്ലാക്ക് പോയന്റുകൾ എന്നിങ്ങനെ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കോർ നിർണയിക്കുക.
ഓരോ ഡ്രൈവർമാരുടെയും സ്കോർ ലോ, മീഡിയം, ഹൈ റിസ്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി കണക്കാക്കും. ഇവ വിലയിരുത്തി കൂടുതൽ അപകടകാരികളായ ഡ്രൈവർമാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകാനും സഹായകമാവും.