ഗാസയെ കുറിച്ച് ആകുലപ്പെട്ട, സ്വവർഗാനുരാഗികളെ ദൈവത്തിൻറെ മക്കളെന്ന് വിളിച്ച മഹാഇടയൻ: അനുസ്മരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സമാധാനത്തിൻറെ പ്രവാചകനും മനുഷ്യ സ്നേഹത്തിൻറെ പ്രതീകവുമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപ്പാപ്പ, ജനതയെ ഹൃദയത്തോട് ചേർത്തും സ്നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തുന്ന ദൈവ കരത്തിൻറെ ഉടമ കൂടിയായിരുന്നു. സ്വവർഗാനുരാഗികളെ ദൈവത്തിൻറെ മക്കൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഈസ്റ്റർ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമർപ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *