വിനീത വധക്കേസ്: ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വിനീത വധക്കേസിൽ ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി. പേരൂർക്കടയിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്നു ശിക്ഷ വിധിക്കുമെന്ന് അറിയിച്ചിരുന്നത്. തമിഴ്‌നാട് തോവാള സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനാണെന്നു തിരുവനന്തപുരം സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഏപ്രിൽ രണ്ടിന് വിചാരണ നടപടികൾ പൂർത്തിയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടക്കിയ കൊലപാതകം.

വിനീതയുടെ കഴുത്തിൽ കിടന്ന നാലരപ്പവൻറെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രൻ കൊലനടത്തിയത്. ഓൺലൈൻ ട്രേഡിങിനുള്ള പണം കയ്യിൽ ഇല്ലാതെ വന്നതോടെ മോഷണവും കൊലപാതകവും നടത്താനിറങ്ങിയെന്നായിരുന്നു പൊലീസിൻറെ കണ്ടെത്തൽ. അമ്പലമുക്ക് ജംക്ഷനിൽ മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് താൻ എത്തിയതെന്നായിരുന്നു രാജേന്ദ്രൻ പൊലീസിനു നൽകിയ മൊഴി. സാമാന്യം വലിയ സ്വർണമാലയിട്ട അവരുടെ പിന്നാലെ നടന്നു. അനിയൻ ലെയ്‌നിലെ വളവ് തിരിയുന്നതിനിടെ കാഴ്ചയിൽ നിന്ന് ഇവർ മറഞ്ഞു. ഇവരെ തിരഞ്ഞ് മുന്നോട്ട് നടന്നതോടെയാണ് ചെടികൾക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ രാജേന്ദ്രൻ കണ്ടത്.

ചെടി വാങ്ങാനെന്ന വ്യാജേനെ പ്രതി വിനീതയ്ക്ക് മുന്നിലെത്തുകയായിരുന്നു. ചെടി വാങ്ങാനല്ല, മാലയിലാണ് കണ്ണെന്ന് കണ്ടതോടെ വിനീത ബഹളം വച്ചു. തുടർന്ന് പിടിവലിയായി. ഇതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. മുട്ടടയിലെ കുളത്തിൽ കത്തി ഉപേക്ഷിച്ച ശേഷം ഇവിടെ നിന്ന് സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. തുടർന്ന് മറ്റൊരു ഓട്ടോറിക്ഷയിൽ കയറി പേരൂർക്കടയിൽ എത്തുകയായിരുന്നു. പേരൂർക്കട സർക്കാർ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിലെ ജീവനക്കാരനായിരുന്നു രാജേന്ദ്രൻ. തമിഴ്‌നാട്ടിലും അരുംകൊലകൾ നടത്തിയ ശേഷമാണ് രാജേന്ദ്രൻ കേരളത്തിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *