കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കിൽ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. ഷൈൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നും സിനിമ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈൻ പറഞ്ഞിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. സജീർ അടക്കമുള്ള ലഹരിവിൽപനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും കൂടുതൽ വകുപ്പുകൾ ചേർക്കുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു.
അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോൾ ഹോട്ടലിൽനിന്ന് ഓടിയത് ഗുണ്ടകളെ കണ്ടതിനാലെന്ന ഷൈനിൻറെ മൊഴി വിശ്വസിക്കാനാകില്ലെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. തുടർനടപടികൾ തീരുമാനിക്കാൻ കമ്മീഷണറുടെ നേതൃത്വത്തിൽ ചേർന്ന അന്വേഷണസംഘത്തിൻറെ യോഗത്തിന് പിന്നാലെയാണ് പ്രതികരണം. അതേസമയം, കഴിഞ്ഞ ദിവസം ഷൈൻറെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനക്ക് അയക്കാനായി ഇന്ന് കോടതിയിൽ എത്തിക്കും. ഷൈ ഫോണും ഫോറൻസിക് പരിശോധനക്ക് അയക്കാൻ അപേക്ഷ നൽകും. ഷൈൻ സമ്പത്തികയിടപാടുകൾ നടത്തിയവരുമായി ബന്ധപെട്ട വിവരശേഖരണവും പുരോഗമിക്കുകയാണ്.
അതേസമയം, ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി മുന്നോട്ടില്ലെന്ന് നടി വിൻ സി അലോഷ്യസ് പറഞ്ഞു. സിനിമാസംഘടനകളുടെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും പരാതി പിൻവലിക്കില്ലെന്നും മാറ്റം വരേണ്ടത് സിനിമ മേഖലയിലെന്നും വിൻ സി കൂട്ടിച്ചേർത്തു. സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിൻസി അലോഷ്യസിന്റെ പരാതി. ഈ പരാതിയിൽ ഇന്റേണൽ കംപ്ളെയിന്റ്സ് കമ്മറ്റി ഇന്ന് മൊഴിയെടുക്കും. സൂത്രവാക്യം സിനിമാസെറ്റിലെ അണിയറ പ്രവർത്തകരിൽനിന്നാണ് ഇന്റേണൽ കംപ്ളെയിന്റ്സ് കാര്യങ്ങൾ ചോദിച്ചറിയുക. വൈകിട്ട് മൂന്നിന് കൊച്ചിയിൽ ഫിലിം ചേമ്പറിന്റെ അടിയന്തര മോണിറ്ററിങ് കമ്മിറ്റി യോഗം വിഷയം പരിഗണിക്കും.
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരി ആരോപണത്തിൽ നിലപാട് മാറ്റി സൂത്രവാക്യം നിർമാതാവ് ശ്രീകാന്തും രംഗത്തെത്തിയിട്ടുണ്ട്. ലൊക്കേഷനിൽ മോശം അനുഭവം നേരിട്ട കാര്യം വിൻ സി പറഞ്ഞെന്ന് ശ്രീകാന്ത് വെളിപ്പെടുത്തി. വിൻ സിക്ക് ലൊക്കേഷനിൽ നേരിട്ട മോശം അനുഭവം അണിയറപ്രവർത്തകർക്ക് അറിയാമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. നേരത്തെ വിൻ സിയുടെ പ്രശ്നത്തെപ്പറ്റി അറിയില്ലെന്നായിരുന്നു ശ്രീകാന്ത് പറഞ്ഞിരുന്നത്.