‘മുഖം കാണിക്കേണ്ടത് ഇടിച്ചുകയറിയല്ല; വില കളയരുത്’; വിമർശിച്ച് കോൺഗ്രസ് മുഖപത്രം

കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നേതാക്കളുടെ ഉന്തുംതള്ളിനുമെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. മുഖം കാണിക്കേണ്ടത് ഇടിച്ചുകയറിയല്ലെന്ന തലക്കെട്ടോടെ തുടങ്ങുന്ന മുഖപ്രസംഗത്തിൽ നേതാക്കളെ രൂക്ഷമായാണ് വിമർശിക്കുന്നത്. ഡി.സി.സി ഓഫീസ് ചടങ്ങിലുണ്ടായത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണ്. ഇടിച്ചുകയറിയും പിടിച്ചുതള്ളിയും പ്രസ്ഥാനത്തിന്റെ വിലയാണ് കളയുന്നത്. ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യ വിശാലതയാണെന്നും അതുപറഞ്ഞു കുത്തഴിഞ്ഞ അവസ്ഥയുണ്ടാക്കരുതെന്നും മുഖപ്രസംഗം ഓർമിപ്പിക്കുന്നു

മുതിർന്ന നേതാക്കളുടെ അരികുപറ്റാൻ രണ്ടാംനിര നേതാക്കൾ കാണിക്കുന്ന തത്രപ്പാടുകളെ കടത്തിവെട്ടുന്നതായിരുന്നു കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിലെ മുഖം കാണിക്കാനുള്ള മൽസരം. പാർട്ടിയെ നയിക്കുന്നവരുടെ ഈ ‘കലാകായിക’ അധ്വാനം ചെറിയ നാണക്കേട് അല്ല ഉണ്ടാക്കിയത്. സംഭവം നാണക്കേടായ പശ്ചാത്തലത്തിൽ കോൺഗ്രസ് പരിപാടികളിൽ നേതാക്കളുടെ കസേരക്കളിയും ഉന്തുംതള്ളും അവസാനിപ്പിക്കാൻ മാർഗരേഖ വരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

കോഴിക്കോട്ട് കണ്ടത് അസുഖകരമായ കാഴ്ചകളാണെന്നും ആവർത്തിക്കാൻ പാടില്ലെന്നും സംഭവത്തിന് പിന്നാലെ മുരളീധരൻ മനോരമന്യൂസിനോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ മുരളീധരൻ ഉൾപ്പെടെയുള്ളവർ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യമുയർത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *