താൻ മരിച്ചു എന്ന രീതിയില്‍ വന്ന വ്യാജപ്രചരണത്തിനെതിരെ രസകരമായ കുറിപ്പുമായി ജി വേണുഗോപാല്‍ രം​ഗത്ത്

മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായകനായ ജി വേണുഗോപാല്‍ മരിച്ചു എന്ന രീതിയില്‍ വന്ന വ്യാജപ്രചരണത്തിനെതിരെ രസകരമായ കുറിപ്പുമായി ജി വേണു​ഗോപാൽ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. തന്‍റെ സ്കൂള്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത് എന്ന് ജി വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ‘മരണം കീഴടക്കി, കണ്ണീരായി ഗായകന്‍ ജി വേണുഗോപാല്‍’ എന്ന ടൈറ്റിലില്‍ ഒരു സ്ക്രീന്‍ ഷോട്ടാണ് ഗായകന്‍ പങ്കുവച്ചിരിക്കുന്നത്. മല്ലു റോക്ക്സ് 123 എന്ന ഹാന്‍റില്‍ വഴിയാണ് ഈ പ്രചരണം വന്നത് എന്ന് സ്ക്രീന്‍ ഷോട്ടില്‍ നിന്നും വ്യക്തമാണ്. “ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..” എന്ന ശീർഷകത്തോടെ സുഹൃത്തുക്കളാണ് ഇത് അയച്ച് തന്നത് എന്ന് ജി വേണുഗോപാല്‍ പറയുന്നു.

ജി വേണുഗോപാലിന്‍റെ കുറിപ്പിന്റെ പൂർണരൂപം

അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എന്‍റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ “ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ.

അടുത്തിടെ വേണുഗോപാലിന്‍റെ പേരിൽ പ്രവർത്തിക്കുന്ന ‘സസ്‌നേഹം ജി.വേണുഗോപാൽ’ എന്ന സന്നദ്ധ ഫൗണ്ടേഷൻ ചികിത്സാ സഹായം നല്‍കുന്ന ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണം സംബന്ധിച്ച് വേണുഗോപാല്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതാണ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *