എയർ കണക്ടിവിറ്റി പദ്ധതി വഴി കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും കൂടുതൽ സന്ദർശകരെ എത്തിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖല സജീവമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
എയർ കണക്ടിവിറ്റി പദ്ധതിയിലൂടെ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും കൂടുതൽ സീറ്റുകൾ അനുവദിക്കുന്നതാണ് പദ്ധതി. ഉംറ സന്ദർശന ആവശ്യങ്ങൾക്കായി ഏഴ് ലക്ഷത്തിലധികം വിമാനസീറ്റുകൾ അനുവദിച്ചതായി പദ്ധതിയുടെ സിഇഒ പറഞ്ഞു. മദീനയിൽ നടന്ന ഉംറ സിയാറ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ടൂറിസം മേഖലയെ സജീവമാക്കാനും കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
2021 ലാണ് എയർ കണക്ടിവിറ്റി പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ കീഴിൽ പുതിയ വിമാന റൂട്ടുകൾ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമാണ് ലക്ഷ്യം. ഈ വർഷം തുടക്കത്തിൽ ജർമനിയിൽ നിന്ന് ജിദ്ദയിലേക്ക് പുതിയ വിമാന സർവീസ് ആരംഭിച്ചു. സ്റ്റുട്ട്ഗാർട്ടിൽ നിന്ന് ജിദ്ദയിലേക്കുള്ള റൂട്ട് ഉംറക്കാർക്കും സന്ദർശകർക്കും ഏറെ സൗകര്യമൊരുക്കും.
കഴിഞ്ഞ വർഷം ബെർലിനിൽ നിന്നും കൊളോണിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. യൂറോവിങ്‌സ് ഉൾപ്പെടെ പല പുതിയ വിമാനക്കമ്പനികളും ഉംറ-ഹജ്ജ് യാത്രകൾക്കായി സൗദിയിലേക്ക് സർവീസ് ആരംഭിച്ചു.
ഫ്രാൻസിൽ നിന്ന് പുതിയ വിമാന സർവീസുകൾ ഉടൻ തുടങ്ങും. അടുത്ത ആഗസ്റ്റിൽ ലണ്ടനിൽ നിന്നു മദീനയിലേക്ക് ദിവസേന വിമാന സർവീസുണ്ടാകും. ഇതുവഴി വർഷംതോറും 1.8 ലക്ഷം സീറ്റുകൾ ലഭിക്കും. ഈ വർഷം 12 വിമാന കമ്പനികളുമായി സഹകരിച്ച് 20 പുതിയ റൂട്ടുകളിലായി 15 ലക്ഷം സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. മക്ക, മദീന, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ സന്ദർശകർ എത്തുന്നതോടെ സൗദിയുടെ ടൂറിസം മേഖലയും സജീവമാകും.