ഹാമിൽട്ടണിലെ ഒൻറാരിയോ ടൗണിലുണ്ടായ ഗ്യാങ് ലാൻഡ് മോഡൽ വെടിവെയ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. മൊഹാക്ക് കോളേജ് വിദ്യാർഥിനി 21 വയസ്സുള്ള ഹർസിമ്രത് ആണ് കൊല്ലപ്പെട്ടത്. പാർടൈം ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കവെ വൈകുന്നേരം 7.30 നാണ് പെൺകുട്ടിക്ക് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കറുത്ത നിറത്തിലുള്ള എസ്.യു.വി കാറിൽ വന്നയാളാണ് വെടിയുതിർത്തതെന്ന് കണ്ടെത്തി. വെടിവെയ്പിൽ മറ്റാർക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ഊർജിതമാണെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഹാമിൽട്ടൻ പൊലീസ് ചീഫ് ഫ്രാങ്ക് ബെർഗൻ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സംഭവത്തെ അപലപിച്ചു.