ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിനുപകരം വീടുകളിലെ പ്രസവംനടത്താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മത നേതാക്കൾ പറഞ്ഞു. ആരോഗ്യമുള്ള ഭാവിതലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനു ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രിതന്നെ തിരഞ്ഞെടുക്കാം’ എന്ന കാമ്പെയിനിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.മലപ്പുറം കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്.
ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്‌കർഷിക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. അതിനായി ബോധവത്കരണം ശക്തമാക്കാനും മതനേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്ത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുതടയാൻ ശക്തമായ ബോധവത്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും ശ്രമങ്ങൾക്ക് എല്ലാ മത സംഘടനാ നേതാക്കളും പിന്തുണ ഉറപ്പുനൽകി.