‘കേന്ദ്രം പറഞ്ഞു പറ്റിച്ചു, സംസ്ഥാന സർക്കാർ ചതിച്ചു’: മുനമ്പം വിഷയത്തിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം വിഷയം പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് യുഡിഎഫ് മുൻപേ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്രസർക്കാരിന്റെ പുതിയ വഖഫ് നിയമം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. കേന്ദ്രം പറഞ്ഞുപറ്റിച്ചപ്പോൾ സംസ്ഥാന സർക്കാർ അവരെ ചതിക്കുകയായിരുന്നു എന്നും സതീശൻ പറഞ്ഞു.

”രണ്ടു മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ അജൻഡയ്ക്കു കുടപിടിക്കുകയാണു സർക്കാർ ചെയ്യുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഉറച്ച നിലപാടാണ് കോൺഗ്രസ് ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. ഭൂമി നൽകിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫാറൂഖ് കോളജ് മാനേജ്മെന്റും ഇപ്പോൾ വഖഫ് ട്രൈബ്യൂണലിൽ ആ നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്. ട്രൈബ്യൂണലിൽനിന്ന് അനുകൂല നിലപാട് വരുമായിരുന്നു.

എന്നാൽ സർക്കാർ വഖഫ് ബോർഡിനെ കൊണ്ട് ഹൈക്കോടതിയിൽ കേസ് കൊടുപ്പിച്ച് ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങൾക്കു സ്റ്റേ വാങ്ങി. മേയ് 19 വരെയാണ് ട്രൈബ്യൂണലിന്റെ കാലാവധി. മേയ് 29 വരെയാണ് കോടതി സ്റ്റേ. അപ്പോൾ ഈ ട്രൈബ്യൂണലിനു വിധി പറയാൻ പറ്റില്ല. ഇനി വരാൻ പോകുന്ന ട്രൈബ്യൂണൽ കേന്ദ്രസർക്കാർ പാസാക്കിയ പുതിയ നിയമപ്രകാരം പ്രവർത്തിക്കുന്ന സംവിധാനമായിരിക്കും. പ്രശ്നം പെട്ടെന്നു തീർക്കാനുള്ള അവസരം നഷ്ടമാക്കി പിറകിൽനിന്നു കുത്തി ചതിച്ചത് സംസ്ഥാന സർക്കാരാണ്” – പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *