ഹിയറിങ്ങിന് തൊട്ടുമുൻപും ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി എൻ. പ്രശാന്ത് ഐഎഎസ്.സുപ്രീം കോടതിയേക്കാൾ അധികാരം ചീഫ് സെക്രട്ടറിക്ക് എന്നാണ് എൻ. പ്രശാന്തിന്റെ പരിഹാസം. ഐഎഎസ് ചേരിപ്പോരിൽ വിശദീകരണം നൽകാൻ ഹാജരാകാനിരിക്കെയാണ് ചീഫ് സെക്രട്ടറിക്കെതിരേ എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
അച്ചടക്ക നടപടിയിൽ എന്റെ ഭാഗം ഒരു തവണയെങ്കിലും കേൾക്കുമാറാകണം എന്ന് അപേക്ഷിച്ചിട്ട് ആറ് മാസമാവുന്നു. ഞാൻ സമർപ്പിക്കുന്ന രേഖകൾ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് റിക്കോർഡിങ്ങും സ്ട്രീമിങ്ങും ഉൾപ്പെടെ സുതാര്യമായ ഹിയറിങ്ങിന് അപേക്ഷിച്ചത്. അതാദ്യം അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ എനിക്ക് ലഭിച്ചു. സാരമില്ല. ആറ് മാസത്തിന് ശേഷമാണെങ്കിലും എന്നെ കേൾക്കാൻ സന്മനസ്സുണ്ടായതാണ് വലിയ കാര്യം.
ഫൈസി ഒന്ന് തിരിച്ച് ചിന്തിച്ചേ. ഇതേ വിഷയം ഞാനിനി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കൊണ്ട് പോയാൽ അവിടെ നടപടികൾ സുതാര്യമായി കാണാം. ഓപ്പൺ കോർട്ട് ആണ്. ഹൈക്കോടതിയിൽ ഇതേ കേസ് കൊണ്ടു പോയാലോ, അവിടെയും ലൈവായി കാണാം. സുപ്രീം കോടതിയിൽ കേസെത്തിയാൽ അവിടെയും സുതാര്യമായി ആർക്കും നടപടികൾ കാണാം. എന്റെ ഉള്ളിൽ പ്രകാശം പരന്നു. തിരിച്ചറിവ് വന്നു. എസ് സി യെക്കാൾ പവർ സി എസിനാണ് – എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഐഎഎസ് തലപ്പത്തുള്ള ചേരിപ്പോര് സർക്കാരിന് തന്നെ നാണക്കേടായി മുന്നോട്ട് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. തുടർന്ന് എൻ. പ്രശാന്ത് ഐഎഎസിന് പറയാനുള്ള ഭാഗം കൂടി കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പ്രശാന്തിന് ചീഫ് സെക്രട്ടറി കത്തയക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാനാണ് നിർദേശം. എന്നാൽ പ്രശാന്ത് എത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമല്ല.
ഹിയറിങ്ങിന് ഹാജരാകാൻ പ്രശാന്ത് നേരത്തെ ചില ഉപാധികൾ ചീഫ് സെക്രട്ടറിയുടെ മുൻപിൽ വെച്ചിരുന്നു. ഹിയറിങ് ലൈവ് ആയി നാട്ടുകാരെ കാണിക്കണമെന്നായിരുന്നു ഒരു ആവശ്യം. ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ചീഫ് സെക്രട്ടറി തള്ളിയിരുന്നു. താൻ ഇതിന് മുമ്പ് സമർപ്പിച്ച പലതും അപ്രത്യക്ഷമായിട്ടുണ്ട്, അതുകൊണ്ട് ഇതിന് തെളിവ് വേണം എന്നായിരുന്നു പ്രശാന്തിന്റെ വിശദീകരണം.