ദില്ലി: പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ 18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എൻഐഎ യുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് മാരായ അഭയ് എസ് ഓക, എൻകെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്. കേരള ഹൈകോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികൾക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുത് എന്നും ആയിരുന്നു എൻഐഎ വാദം. അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങൾ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ വിശദാംശങ്ങൾ പരിശോധിച്ച സുപ്രീം കോടതി എന്നാൽ ഗൗരവ്വമേറിയ കാര്യങ്ങൾ ഒന്നും അതിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്നാണ് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചത്.
ശ്രീനിവാസൻ വധക്കേസ്; പ്രതികളായ18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി
