തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് ഇടപെടലുമായി സർക്കാർ രംഗത്ത്. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തും. സ്ഥലം എംഎൽഎയുടെയും ജില്ലാ കലക്ടറിന്റെയും സാന്നിധ്യത്തിൽ ആയിരിക്കും ചർച്ച നടക്കുക. അതേസമയം കുടിൽ കെട്ടിയുള്ള സമരം ഇന്നുമുതൽ തുടങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. മുതലപ്പൊഴിയിൽ അടഞ്ഞിട്ടുള്ള മണൽ നീക്കം ചെയ്യുന്നതിന് പൊഴി മുറിക്കാനുള്ള ആലോചനയിലാണ് ഫിഷറീസ് വകുപ്പ്. പൊഴി മുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്ക് പോകാനുള്ള വഴിയൊരുക്കും. മണൽ പൂർണ്ണമായി നീക്കാതെ പൊഴി മുറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.
താൽക്കാലിക പ്രശ്നപരിഹാരമാണ് സർക്കാർ ആലോചിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. പൊഴി മുറിക്കാനുള്ള നീക്കം മത്സ്യത്തൊഴിലാളികൾ തടഞ്ഞാൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനുള്ള ആലോചനയും വകുപ്പിൽ നടക്കുന്നുണ്ട്. ഇന്നത്തെ ചർച്ചയ്ക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തുക.