ഇൻസ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്‌സ്; അവസാനം ഭർത്താവ് ബാധ്യതയായി

ഹിസാർ: ഹരിയാനയിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഹിസാർ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവീൺ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസിൽ രവീണ (32), സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രവീണയും സുരേഷും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.

പരിജയപ്പെട്ടതിന് ശേഷം ഇരുവരും ഒരുമിച്ച് റീലുകൾ ചെയ്യാൻ ആരംഭിച്ചു. ഒന്നര വർഷത്തിലധികമായി രവീണയും സുരേഷും ഒരുമിച്ച് റീലുകളും വീഡിയോകളും ചെയ്യുന്നുണ്ട്. രവീണയ്ക്ക് ഇൻസ്റ്റഗ്രാമിൽ 34,000 ഫോളോവേർസാണ് ഉള്ളത്. എന്നാൽ സുരേഷിനോടൊപ്പം രവീണ റീലുകൾ ചെയ്യുന്നത് ഭർത്താവിനും മാതാപിതാക്കൾക്കും ഇഷ്ടമായിരുന്നില്ല. അവരുടെ ശക്തമായ എതിർപ്പ് വകവെക്കാതെയാണ് രണ്ടുപേരും വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഇതേച്ചൊല്ലി രവീണയും ഭർത്താവ് പ്രവീണും തമ്മിൽ തർക്കങ്ങളും ഉണ്ടാവാറുണ്ട്.

കൊലപാതകം നടന്ന ദിവസം രവീണ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഇരുവരേയും ഒരുമിച്ച് കണ്ടു. തുടർന്ന് പരസ്പരം പിടിവലിയുണ്ടായി. തുടർന്ന് രവീണയും കാമുകനും ചേർന്ന് ഷാൾ കഴുത്തിൽ മുറിക്കി പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നു. വൈകിയും പ്രവീണിനെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചു. എന്നാൽ തനിക്ക് അറിയില്ലെന്നാണ് രവീണ പറഞ്ഞത്. പിന്നീട് രാത്രി രണ്ട് മണിക്ക് രവീണയും സുരേഷും ചേർന്ന് പ്രവീണിൻറെ മൃതശരീരം വീടിനടുത്തുള്ള ഓവുചാലിൽ വലിച്ചെറിഞ്ഞു. ബൈക്കിൽ നടുക്കിരുത്തിയാണ് മൃതശരീരം കൊണ്ടുപോയത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അഴുകിയ നിലയിലുള്ള മൃതശരീരം പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്.

പ്രവീണിനും രവീണയ്ക്കും ആറ് വയസ് പ്രായമുള്ള ഒരു മകൻ ഉണ്ട്. കുട്ടി ഇപ്പോൾ അച്ഛൻറെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *