അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ – മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. 121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ബാഗ്ലാനിന് 164 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഡൽഹി- എൻസിആറിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു.
തെക്കൻ ഫിലിപ്പീൻസിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിലും ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.