മുഡ കേസിൽ അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദ്ദേശം നൽകി കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ബി റിപ്പോർട്ട് അന്തിമ റിപ്പോർട്ട് അല്ലല്ലോ എന്ന് കോടതി ചോദിച്ചു. ലോകായുക്തയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിലാണ് കോടതിയുടെ ഭാഗത്തു നിന്നും നിർദേശം ഉണ്ടായത്. ബെംഗലൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാൻ നിർദേശം നൽകിയത്. ഇഡിയുടെ ഹർജി കോടതി വിധി പറയാൻ മാറ്റി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബി റിപ്പോർട്ടിൽ സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ അടക്കം 13 പേർക്കെതിരെ തെളിവില്ല എന്നാണ് ലോകായുക്ത വ്യക്തമാക്കിയിരുന്നത്.
ഇതിനെ എതിർത്ത ഇഡി കേസിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് വാദിച്ചു. ലോകായുക്തയുടെ എഫ്ഐആറിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസിൽ ഇഡി അന്വേഷണം നടത്തുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്. ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്നേഹമയി കൃഷ്ണയും ആരോപിച്ചു.
1998-ൽ തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ 2004-ൽ മല്ലികാർജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സർക്കാരിൻ്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി ബെംഗളൂരു മുതൽ മൈസൂരു വരെ ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു.