കേരളത്തിൽ അധിക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എൽ നിനോ പ്രതിഭാസം ഇല്ലാത്തതിനാൽ മികച്ച മണ്‍സൂണിന് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പ്രവചനം. ദില്ലിയിലെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ആസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുജ്ഞയ് മൊഹാപത്ര, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ എം രവിചന്ദ്രന്‍ എന്നിവരാണ് ഐഎംഡിയുടെ വിലയിരുത്തൽ വിശദീകരിച്ചത്.

87 സെന്‍റീമീറ്റർ മഴയാണ് നാല് മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ശരാശരി ലഭിക്കേണ്ടത്. എന്നാൽ 105 ശതമാനം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തമിഴ്‌നാട്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലായിടത്തും ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

സ്വകാര്യ കാലാവസ്ഥാ ഏജന്‍സി സ്‌കൈമെറ്റ് വെതറും രാജ്യത്ത് അധിക മഴ പ്രവചിച്ചു. പശ്ചിമഘട്ടത്തിലെമ്പാടും പ്രത്യേകിച്ച് കേരളം, തീരദേശ കർണാടക, ഗോവ എന്നിവിടങ്ങളിൽ അധിക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഐഎംഡി പ്രവചിച്ചതു പോലെ സാധാരണയേക്കാൾ കുറവ് മഴയാണ് സ്‌കൈമെറ്റും പ്രവചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *