ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതലയുള്ള നിർദ്ദിഷ്ട മേഖലയായ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR) വികസനത്തിനാണ് അനുമതി ലഭിച്ചത്.
ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ 2022-ലാണ് ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ സെന്റർ നിലവിൽ വന്നത്. എല്ലാ സുരക്ഷാഘടകങ്ങളും ഖത്തർ പാലിച്ചതോടെ രണ്ടാംഘട്ട വികസനത്തിനും സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അനുമതി നൽകി.
സുരക്ഷ ശക്തമാക്കുക, മികവ് കൂട്ടുക, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും കണക്ടിവിറ്റി കൂട്ടുക എന്നിവയ്‌ക്കൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവയാണ് രണ്ടാംഘട്ട വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നേരത്തെ ബഹ്റൈൻ FIR-ന്റെ ഭാഗമായിരുന്ന ഖത്തറിന്റെ പരിധിയെ വേർതിരിച്ചാണ് ദോഹ FIR രൂപീകരിച്ചത്. ഇറാൻ, യു.എ.ഇ FIR-കളുമായാണ് ആകാശ പരിധി പങ്കിടുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ദോഹ FIR പൂർണമായും പ്രവർത്തനക്ഷമമാകുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.