ഐപിഎല്ലിൽ 200 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ്കീപ്പർ, ചരിത്ര നേട്ടവുമായി ധോണി

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. കരിയറിൽ 200 പേരെ പുറത്താക്കുകയെന്ന നാഴികകല്ലാണ് താരം പിന്നിട്ടത്. രവീന്ദ്ര ജഡേജ എറിഞ്ഞ ലഖ്നൗ ഇന്നിങ്സിലെ 14ാം ഓവറിൽ ആയുഷ് ബധോനിയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയാണ് ധോണി നേട്ടം കൈവരിച്ചത്. 43 കാരൻ ധോണി 271 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 155 ക്യാച്ചുകളും 46 സ്റ്റമ്പിങുമാണ് നടത്തിയത്.

ലഖ്നൗവിനായി അർധ സെഞ്ച്വറി നേടിയ ഋഷഭ് പന്തിനേയും(63) ധോണി ക്യാച്ചെടുത്ത് പുറത്താക്കി. മികച്ച ത്രോ റൺ ഔട്ടിലൂടെയും ധോണി ആരാധകരെ വിസ്മയിപ്പിച്ചു. 19ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. പാതിരാനയെറിഞ്ഞ ബോൾ വൈഡായി മാറിയെങ്കിലും ബാറ്റിങ് എൻഡിലുണ്ടായിരുന്ന ലഖ്‌നൗ താരം അബ്ദുസമദ് സിംഗിളിനായി ഓടി.

പന്ത് കൈക്കലാക്കിയ ധോണി ഗ്ലൗ പോലും ഊരാതെ ഉയർത്തി ബൗളിംഗ് എൻഡിലെ വിക്കറ്റിന് എറിയുകയായിരുന്നു. ബാറ്ററുടെയും തലയ്ക്കും മേലെ ഒരു പറന്നിറങ്ങി വിക്കറ്റിൽ കൊള്ളുകയായിരുന്നു. സഹതാരങ്ങളടക്കം അത്ഭുതത്തോടെയാണ് ഇത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *