മ്യാൻമറിൽ വീണ്ടും ഭൂചലനം, മാർച്ച് 28ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂചലനം

ദില്ലി: മ്യാൻമറിൽ വീണ്ടും ഭൂചലനം. ഞായറാഴ്ച പുലർച്ചെയാണ് 5.5 തീവ്രതയുള്ള ഭൂചലനമാണ് സെൻട്രൽ മ്യാൻമറിലെ ചെറുനഗരമായ മെയ്ക്തിലയിൽ അനുഭവപ്പെട്ടത്. മാർച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ഭൂകമ്പം. 3649 പേരാണ് മാർച്ച് 28നുണ്ടായ ഭൂചലനത്തിൽ മ്യാൻമറിൽ കൊല്ലപ്പെട്ടത്.

മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് സമീപമാണ് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തിൽ മണ്ഡലൈയിൽ സാരമായ നഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ വലിയ രീതിയിലുള്ള നാശ നഷ്ടമുണ്ടായതായുള്ള റിപ്പോർട്ടുകൾ ഇല്ല. മാർച്ച് 28നുണ്ടാ ഭൂകമ്പത്തിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ തുടർ ചലനമാണ് ഇന്ന് രാവിലെയുണ്ടായത്. പരമ്പരാഗത നവവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിവസത്തിന്റെ ആദ്യ ദിനത്തിലാണ് മ്യാൻമറിൽ ഇന്ന് ഭൂചലനമുണ്ടായത്. കെട്ടിടങ്ങളിൽ നിന്ന് ആളുകൾ ഇറങ്ങിയോടിയെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

മാർച്ച് 28 ന് മ്യാൻമറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറായി ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *