ഐപിഎൽ പതിനെട്ടാം സീസണില്‍ ഇന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ജയ്പൂരിലെ ഹോം ഗ്രൗണ്ടിലേക്കുളള തിരിച്ചുവരവിൽ വിജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയൽസ് കളത്തിലിറങ്ങുക. അതേസമയം10 വർഷത്തിനിടെ ആദ്യമായി മുംബൈയിലും, പതിനേഴ് വർഷത്തിനിടെ ആദ്യമായി ചെന്നൈയിലും, നിലവിലെ ചാമ്പ്യൻമാരായ നൈറ്റ് റൈഡേഴ്സിനെ കൊൽത്തത്തയിലും വീഴ്ത്തിയ മികവ് ആവർത്തിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ലക്ഷ്യം.
സഞ്ജു സാംസൺ- യശസ്വി ജയ്സ്വാൾ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകുന്ന തുടക്കം രാജസ്ഥാന്‍ റോയല്‍സിന് മത്സരത്തില്‍ ഏറെ നിർണായകമാകും. നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍ എന്നിവര്‍ക്കൊപ്പം ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ഫിനിഷിംഗ് മികവിലേക്കും രാജസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍ നീളുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും വിരാട് കോലി, ഫിൽ സാൾട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിനെ അമിതമായി ആശ്രയിക്കുന്നുണ്ട്. പവർപ്ലേയിൽ സാൾട്ടിന്‍റെ ആക്രമണ ഷോട്ടുകളാവും റൺനിരക്ക് നിശ്ചയിക്കുക. ദേവ്ദത്ത് പടിക്കലിന്‍റെ മങ്ങിയ ഫോം ആര്‍സിബിക്ക് ആശങ്കയാണ്. ബാറ്റിംഗില്‍ ക്യാപ്റ്റൻ രജത് പാടിദാറും ജിതേഷ് ശർമ്മയും ടിം ഡേവിഡും, ബൗളിംഗില്‍ ജോഷ് ഹേസല്‍വുഡും ക്രുനാല്‍ പാണ്ഡ്യയും അടക്കമുള്ളവരും മികവ് തുടർന്നാൽ ആർസിബിക്ക് ഈ സീസണില്‍ എതിരാളികളുടെ തട്ടകത്തിലുള്ള ആധിപത്യം ആവർത്തിക്കാം.