ഹണി ട്രാപ് മോഡലിൽ തൊടുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയ കേസിൽ ഒത്തുതീർപ്പിന് ഉന്നതതല സമ്മർദമെന്ന് റിപ്പോർട്ട്. ജ്വല്ലറിയിൽ നിന്ന് എടുത്തുകൊണ്ടുപോയ സ്വർണത്തിന്റെ പണം നൽകി തൊടുപുഴ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ ഒന്നാം പ്രതിയായ കേസിൽ ഉന്നത രാഷ്ട്രീയ നേതാവാണ് ഒത്തുതീർപ്പ് നീക്കങ്ങൾക്ക് പിന്നിൽ. ഇതിന്റെ ഭാഗമായി തൊടുപുഴയിലെ ചില വ്യാപാര പ്രമുഖരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസായതിനാൽ നഷ്ടപ്പെട്ട പണം നൽകിയാൽ പരാതി പിൻവലിക്കാൻ സാധിക്കുമെന്ന സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവരുമായും ബന്ധപ്പെട്ടിരുന്നു.
സാമ്പത്തിക തട്ടിപ്പിനൊപ്പം ഹണി ട്രാപിനും ശ്രമിച്ചതിനാൽ കേസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് പരാതിക്കാരായ സ്ഥാപനം. ജ്വല്ലറി ഉടമയെയും ജീവനക്കാരെയും സ്ത്രീ വിഷയത്തിലുള്ള കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ലെന്നും അവർ വ്യക്തമാക്കിയതായാണ് വിവരം.
ജനുവരി 17, 27, 28 തീയതികളിലാണ് മാത്യു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിൽ തട്ടിപ്പ് നടത്തിയത്. ജനുവരി 17ന് ചെക്ക് നൽകി 1.69 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ സംഘം, ജനുവരി 27ന് എത്തി 10 പവൻ സ്വർണം എടുക്കുകയും ജീവനക്കാരോട് മോശമായി പെരുമാറിയ ശേഷം കൂട്ടത്തിലുള്ള സ്ത്രീയെ അപമാനിച്ചതായി കാട്ടി തൊടുപുഴ പോലീസിൽ പരാതി നൽകുകയുമായിരുന്നു.