അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർഥികളാണോ ആശാവർക്കർമാരെന്ന് കെ. സച്ചിദാനന്ദൻ

അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികളാണോ ഈ ആശാവർക്കർമാരെന്ന് സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പൗരസാഗരത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇത്താര്യം വ്യക്തമാക്കിയത്. ആരോഗ്യ മേഖലയിലെ ഒരു അവശ്യ ഘടകമല്ലേ ആശമാർ? ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഇപ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതില്ലേ? അത് ഡോക്ടർമാരാകട്ടെ, മറ്റ് നേഴ്സുമാരാകട്ടെ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ജോലിക്കാരോ ഇതര ഉദ്യോഗസ്ഥരോ ആകട്ടെ, അവരെല്ലാവരും തന്നെ ആശാവർക്കർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുപക്ഷ സമരത്തെ ഒരു ഇടതുപക്ഷ സർക്കാർ അടിച്ചമർത്തുന്നു എന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്. കേന്ദ്രത്തിൽ കേരള ഗവൺമെന്റ് നിശ്ചയമായും സമ്മർദ്ദം ചെലുത്തി കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതെല്ലാം തന്നെ വാങ്ങേണ്ടതാണ്. അത് സ്റ്റേറ്റ് ഗവൺമെൻറുകളുടെ ഒരു ധർമമാണ്.

അതേസമയം ഈ പാവപ്പെട്ട സ്ത്രീകളോട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്ന് പറയുക അല്ല വേണ്ടത് നേരെ മറിച്ച് അവരെ ചർച്ചക്ക് വിളിക്കുകയും ഇന്നത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുകയും അത് കഴിഞ്ഞ് അതുകൊണ്ട് നിങ്ങൾക്ക് ഒന്നും തരാൻ പറ്റില്ല സമരം നിർത്തു എന്നു പറയുകയല്ല വേണ്ടത്, നേരെ മറിച്ച് ഇതെല്ലാം പറഞ്ഞതിനുശേഷം, ഞങ്ങൾക്കിപ്പോൾ ഇത്ര മാത്രമേ തരാൻ കഴിയൂ എന്ന് പറഞ്ഞ് ഒരു ചെറിയ വേതന വർധനവെങ്കിലും നൽകുകയാണ്, അതിലൂടെ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇത് ആത്മഹത്യാപരമായ നീക്കം ആകുമെന്ന് ഞാൻ എന്നോട് എൻ്റെ കൂടെ എന്ന് ഞാൻ കരുതുന്ന എൻ്റെ ഗവൺമെന്റിനോടും പറയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *