തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ

ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ രം​ഗത്ത്. തഹാവുർ റാണയ്ക്ക് മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലി അയച്ച ഇമെയിലുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി. ഭീകരാക്രമണ പദ്ധതി സൂചിപ്പിക്കുന്ന മെയിലുകളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കൂടാതെ 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കും.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചോദ്യം ചെയ്യൽ നിരീക്ഷിക്കും. അതേസമയം, തഹാവുർ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിനുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നത്. അതേസമയം കൈമാറ്റ ഉടമ്പടിയിൽ വധശിക്ഷ പാടില്ലെന്ന് വ്യവസ്ഥയില്ലെന്നും ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

166 പേരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണത്തിലെ മുഴുവൻ ഗൂഢാലോചനയും ഇനി പുറത്തുകൊണ്ടുവരാൻ ആകും എന്നതാണ് പ്രതീക്ഷ. അതേസമയം, രാജ്യാന്തര ഭീകരന്‍ തഹാവുര്‍ റാണയുടെ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ കൊച്ചി നഗരത്തെ സംബന്ധിച്ചും സുപ്രധാനമാണ്. മുംബൈ ഭീകരാക്രമണത്തിന് മുമ്പ് രാജ്യത്തെ ഒരുപാട് പ്രധാന നഗരങ്ങളിലൂടെ യാത്ര ചെയ്ത റാണ കൊച്ചിയിലും എത്തിയിരുന്നു.

2008 നവംബര്‍ 26നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈയിലെ ഭീകരാക്രമണം. ഈ ഭീകരാക്രമണത്തിന് കൃത്യം പത്ത് ദിവസം മാത്രം മുമ്പാണ് തഹാവുര്‍ റാണ കൊച്ചിയിലെത്തിയത്. 2008 നവംബര്‍ 16ന്. തൊട്ടടുത്ത ദിവസം അതായത് നവംബര്‍ 17ന് റാണ കൊച്ചിയില്‍ നിന്ന് മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *