ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന വിധിക്ക് പിന്നാലെ വീണ്ടും വിവാദ വിധി പരാമർശവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഇര പ്രശ്നം ക്ഷണിച്ചുവരുത്തിയതാണെന്നും അതുകൊണ്ട് സംഭവിച്ചതിന് ഉത്തരവാദിയാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് കേസ് പരിഗണിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. സെപ്റ്റംബർ 21 ന്, യുവതിയും സുഹൃത്തുക്കളും ഹൗസ് ഖാസിലെ ഒരു റെസ്റ്റോറന്റിൽ പോയി. പുലർച്ചെ 3 മണി വരെ മദ്യപിച്ചു. മദ്യലഹരിയിൽ മടക്കയാത്ര പ്രയാസകരമായിരുന്നതിനാൽ പ്രതിയുടെ വീട്ടിൽ പോയി താമസിക്കാൻ യുവതി തന്നെ സമ്മതിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ സിങ് ഉത്തരവിൽ പറയുന്നു.
വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം തന്നെ ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി രണ്ടുതവണ ബലാത്സംഗം ചെയ്തു എന്ന ഇരയുടെ ആരോപണം തെറ്റാണെന്നും ഇത് തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. കേസിന്റെ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, ഇത് ബലാത്സംഗ കേസല്ല, മറിച്ച് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഇരുവരും പ്രായപൂർത്തിയായവരാണെന്നതിൽ തർക്കമില്ല. ഇര എംഎ വിദ്യാർഥിനിയാണ്. അതിനാൽ അവളുടെ പ്രവൃത്തിയുടെ ധാർമ്മികതയും പ്രാധാന്യവും മനസ്സിലാക്കാൻ അവൾക്ക് കഴിവുണ്ടായിരുന്നു. ഇരയുടെ ആരോപണം ശരിയാണെന്ന് അംഗീകരിക്കപ്പെട്ടാലും, അവൾ തന്നെ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്നും അതിന് ഉത്തരവാദിയാണെന്നും കോടതി പറഞ്ഞു. ഇരയുടെ മൊഴിയിലും സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിൽ അവളുടെ കന്യാചർമ്മം തകർന്നതായി കണ്ടെത്തിയെങ്കിലും ലൈംഗികാതിക്രമത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
നിയമനടപടികളിൽ നിന്ന് പ്രതി ഒളിച്ചോടുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ ബോധിപ്പിച്ചതായി ജസ്റ്റിസ് സിങ് വ്യക്തമാക്കി. ഡിസംബർ 11 മുതൽ പ്രതി നിഷാൽ ജയിലിലാണെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജാമ്യ സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്യില്ലെന്നും അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന വിധിക്ക് പിന്നാലെയാണ് അലഹബാദ് ഹൈക്കോടതിയുടെ പുതിയ വിവാദ വിധി. ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ആ വിധി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.