വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ, പ്രതികളായ 19 വിദ്യാർത്ഥികളെ കേരള വെറ്ററിനറി സർവകലാശാല പുറത്താക്കി. ഈ വിദ്യാർഥികൾ കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും സർവകലാശാല വ്യക്തമാക്കി. നടപടി വെറ്ററിനറി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു.
സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നൽകിയ ഹർജിയിലാണ് മറുപടി. 19 പേർക്ക് മറ്റ് കാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.