വ്യോമസേനയ്ക്ക് വേണ്ടി വീണ്ടും റഫാൽ വാങ്ങുന്നു, ഇത്തവണ 114 എണ്ണം

ന്യൂഡൽഹി: വ്യോമസേനയ്ക്ക് വേണ്ടി 114 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ശ്രമത്തിൽ നിർണായകമായ വഴിത്തിരിവെന്ന് റിപ്പോർട്ടുകൾ. മൾട്ടിറോർ ഫൈറ്റർ എയർക്രാഫ്റ്റ് ( എം.ആർ.എഫ്.എ) ടെൻഡറിൽ പങ്കെടുത്ത മറ്റ് കമ്പനികളെ മറികടന്ന് ഇന്ത്യ ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും തമ്മിൽ ഗവൺമെന്റ് ടു ഗവൺമെന്റ് കരാറിലൂടെയാകും റഫാൽ വിമാനങ്ങൾ വാങ്ങുക. നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാൽ വിമാനങ്ങൾ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വിന്യസിക്കാനായി 26 റഫാൽ എം വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിനും സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

ഇതിന് പുറമെയാണ് എം.ആർ.എഫ്.എ പദ്ധതിയിൽ 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ആലോചന നടക്കുന്നത്. വ്യോമസേനയ്ക്ക് റഫാൽ വിമാനങ്ങൾ പരിചിതമായി മാറിയിട്ടുണ്ട്. ഇത്രയധികം വിമാനങ്ങൾ വാങ്ങുന്നതിനാൽ ഇന്ത്യയിൽ ദസ്സോ ഏവിയേഷൻ റഫാലിന് വേണ്ടി ഫൈനൽ അസംബ്ലി ലൈൻ തയ്യാറാക്കിയേക്കുമെന്നാണ് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി ഒരു ഇന്ത്യൻ പ്രതിരോധ കമ്പനിയുമായി സഹകരിക്കും. ഇന്ത്യയിൽ റഫാൽ വിമാനം നിർമിക്കാനുള്ള അസംബ്ലി ലൈൻ തയ്യാറാകുന്നത് വരെ ഫ്രാൻസിൽനിന്ന് കുറച്ചെണ്ണം നിർമിച്ച് കൈമാറും.

ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കണമെന്നുണ്ടെങ്കിൽ കുറഞ്ഞത് 100 യൂണിറ്റുകളെങ്കിലും വാങ്ങണമെന്ന് ദസ്സോ ഏവിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റിയൻ ലെകോണുവിന്റെ ഇന്ത്യാ സന്ദർശവേളയിൽ 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടേക്കുമെന്നാണ് ദി പ്രിന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ എന്നാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്ത്യയിലേക്കെത്തുന്നത് എന്നത് വ്യക്തമല്ല. ഈ വർഷം തന്നെ കരാർ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

വ്യോമസേനയുടെ സ്‌ക്വാഡ്രൺ ശേഷി കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ചർച്ചകൾ നടക്കുകയാണ്. കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എം.ആർ.എഫ്.എ ടെൻഡറിൽ ദസ്സോയുടെ റഫാലിന് പുറമെ സ്വീഡന്റെ സാബ് ഗ്രിപ്പൻ, ജർമനിയുടെ യൂറോഫൈറ്റർ, യു.എസ് കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ എഫ്-21, റഷ്യൻ കമ്പനിയായ യു.എ.സിയുടെ എസ്.യു-35 തുടങ്ങിയവയാണ് പങ്കെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *