ഐപിഎല്ലിൽ സഞ്ജുവിൻറെ രാജസ്ഥാൻ റോയൽസിന് ഇന്ന് അഞ്ചാം മത്സരം.പോയൻറ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. വൈകിട്ട് 7.30ന് അഹമ്മദബാദ് സ്റ്റേഡിയത്തിലാണ് മത്സരം.റയാൻ പരാഗ് നായകനായ ആദ്യ രണ്ട് കളിയും തോറ്റ് തുടങ്ങിയ രാജസ്ഥാൻ അവസാന രണ്ട് കളിയും ജയിച്ചതിൻറെ ആത്മവിശ്വാസവുമായാണ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നത്.
സഞ്ജു സാംസൺ ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ രാജസ്ഥാൻ വീണ്ടും റോയലായെന്ന് ആരാധകർ വിശ്വസിക്കുന്നു.മികച്ച ബാറ്റിംഗ് ടീമായ പഞ്ചാബിനെതിരെ 50 റൺസ് ജയം നേടിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.സ്റ്റാർ ബാറ്റർ യശസ്വി ജയ്‌സ്വാളും പേസർ ജോഫ്രേ ആർച്ചറും ഫോം വീണ്ടെടുത്തത് ടീമിന് പ്രതീക്ഷ നൽകുന്നു.സഞ്ജുവിൻറെ ബാറ്റിൽ നിന്ന് വലിയൊരു ഇന്നിംഗ്‌സ് കാത്തിരിക്കുകയാണ് ആരാധകർ.റിയാൻ പരാഗും നിതീഷ് റാണയും ഹെറ്റ്‌മെയറും ധ്രുവ് ജുറലും എല്ലാം അടങ്ങുന്ന രാജസ്ഥാൻ ബാറ്റിംഗ് നിര തകർത്താടിയാൽ ഗുജറാത്തിന് കനത്ത വെല്ലുവിളി ഉയർത്താൻ സഞ്ജുപ്പടക്കാവും.ജോഫ്ര ആർച്ചറുടെ നാല് ഓവറുകൾക്കൊപ്പം ഹസരങ്കെയുടെ സ്പിൻ കെണിയും ടൈറ്റൻസ് കരുതിയിരിക്കണം.
മറുവശത്ത് ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്ന് ഉയർത്തെഴുനേറ്റ ഗുജറാത്ത് പിന്നീട് തുടരെ മൂന്ന് ജയങ്ങളുമായി വിന്നിംഗ് മൂഡിലാണ്. പോയൻറ് പട്ടകയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഗില്ലിൻറെ ടൈറ്റൻസ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഗുജറാത്ത് മികച്ചവർ എന്ന് തെളിയിച്ചു. ഗില്ലും ബട്ലറും വാഷിംഗ്ടൺ സുന്ദറും അടങ്ങുന്ന ബാറ്റിംഗ് നിര അപകടകാരികളാണ്.മിന്നും ഫോമിലുള്ള സ്റ്റാർ പേസർ മുഹമ്മദ് സിറാജും ശ്രദ്ധാ കേന്ദ്രം.
അഫ്ഗാൻ സൂപ്പർ താരം റാഷിദ് ഖാൻ ഫോം ഔട്ടായതാണ് ഗുജറാത്തിന് തലവേദന.നാട്ടിലേക്ക് മടങ്ങിയ കാഗിസോ റബാഡ ഉടൻ തിരിച്ചെത്തില്ലെന്നാണ് റിപ്പോർട്ടുകൾ.പരിക്കിൽ നിന്ന് മുക്തനായി ഗ്ലെൻ ഫിലിപ്പ്‌സ് തിരിച്ചെത്തുമോയെന്ന് ആകാംക്ഷ. നേർക്കുനേർ ബലാബലത്തിൽ രാജസ്ഥാനെതിരെ ഗുജറാത്തിന് വ്യക്തമായ ആധ്യപത്യമുണ്ട്. രാജ്സ്ഥാനെതിരെ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു.