വഖഫ് ഭേദഗതി നിയമം; ബംഗാളിൽ സംഘർഷം, പോലീസ് വാഹനങ്ങൾക്ക് തീയിട്ട് പ്രതിഷേധക്കാർ

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളിൽ പ്രതിഷേധം. ബംഗാളിലെ മുർഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാർ പ്രധാന റോഡുകൾ ഉപരോധിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്ക് തീയിടുകയും പോലീസിനെതിരെ കല്ലെറിയുകയും ചെയ്തു.

വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചതോടെ ബിൽ നിയമമായി. ബിൽ പ്രാബല്യത്തിലായതായി സർക്കാർ വിജ്ഞാപനമിറക്കുകയും ചെയ്തു.

അതേസമയം മുർഷിദാബാദിലെ അക്രമസംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്ത് വന്നു. അക്രമങ്ങൾക്ക് ഉത്തരവാദി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി മമതാ ബാനർജിയാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചു. വഖഫ് ഭേദഗതിക്കെതിരായ വിദ്വേഷ പ്രസംഗമാണ് സംഘർഷത്തിന് വഴിതെളിച്ചതെന്നും മാളവ്യ ആരോപിച്ചു.

സംഘർഷം നടക്കുന്ന അതേ സ്ഥലത്തുതന്നെയാണ് മുമ്പ് കാർത്തിക പൂജയുടെ സമയത്ത് ഹിന്ദുക്കൾക്കെതിരെ ആക്രമണം നടന്നതെന്ന് മാളവ്യ പറഞ്ഞു. മുസ്ലീം പ്രീണന നയം തുടരുന്ന മമതാ ബാനർജി ബംഗാളിനെ ബംഗ്ലാദേശിന്റെ പാതയിലേക്ക് കൊണ്ടുപോവുകയാണെന്നും അമിത് മാളവ്യ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *