കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി.
കരുവന്നൂർ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനായാണ് ഇഡി കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്.
കരുവന്നൂർ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട് രേഖകൾ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും,അവർക്ക്
ചോദിക്കാനുള്ളത് ചോദിക്കട്ടേയെന്നും കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയപ്പോൾ
അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചിയിലെ ഓഫീസിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കെ രാധാകൃഷ്ണൻ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തേ രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ആ അവസരങ്ങളിൽ പാർലമെന്റ് നടക്കുന്നതിനാലും പാർട്ടി കോൺഗ്രസ് ഉണ്ടായിരുന്നതിനാലും എംപി അസൗകര്യം അറിയിച്ചിരുന്നു. തിങ്കളാഴ്ച മധുരയിൽനിന്ന് തിരിച്ചെത്തി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ സജീവമായിരുന്നു എംപി. ഇതിനു ശേഷമാണ് ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരായത്.
കെ.രാധാകൃഷ്ണൻ മുൻപ് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലെ കണക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇഡി മുൻപ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെയും ഇഡി ചോദ്യം ചെയ്യുന്നത്.