ജോർജ് കള്ളിവയൽ
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടാത്ത 500 രൂപയുടെ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞത് ഇന്ത്യ കണ്ടു. കഴിഞ്ഞമാസം 14ന് രാത്രിയിലായിരുന്നു സംഭവം. ജസ്റ്റീസ് വര്‍മ നിഷേധിച്ചെങ്കിലും കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സുപ്രീംകോടതി പുറത്തുവിട്ടതോടെ ആ കള്ളം പൊളിഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായയുടെ റിപ്പോര്‍ട്ടും കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യങ്ങളും സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പിറ്റേന്ന് അര്‍ധരാത്രി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സൂര്യപ്രകാശമാണ് ഏറ്റവും മികച്ച അണുനാശിനി എന്ന ഉപമയോടെയായിരുന്നു ഈ പരസ്യപ്പെടുത്തല്‍.
ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ കൈമാറിയ ദൃശ്യങ്ങളാണു സുപ്രീംകോടതി പ്രസിദ്ധപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനോട് ജസ്റ്റീസ് ഉപാധ്യായ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ 25 പേജുള്ള റിപ്പോര്‍ട്ടിലെ സാക്ഷികളുടെ പേരും വിവരങ്ങളും മറച്ചുവച്ചാണ് സുപ്രീംകോടതി സംഭവം പരസ്യപ്പെടുത്തിയത്. കൊളീജിയത്തിലെ സഹജഡ്ജിമാരോട് ഔദ്യോഗികമായി കൂടിയാലോചിക്കാതെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ നോട്ടുകെട്ടുകള്‍ കത്തുന്ന വീഡിയോ പ്രസിദ്ധീകരിച്ചതു സംഭവത്തിനു സ്ഥിരീകരണം നല്കിയതിനൊപ്പം പ്രശ്നത്തിന്‍റെ ഗൗരവവും വെളിപ്പെടുത്തി.
എഫ്ഐആര്‍ പോലുമില്ല!
സംഭവം നടന്നിട്ടു മൂന്നാഴ്ച പിന്നിടുമ്പോഴും ജസ്റ്റീസ് വര്‍മയുടെ വീട്ടില്‍ സൂക്ഷിച്ച അനധികൃത നോട്ടുകെട്ടുകളെക്കുറിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന അപേക്ഷ പരിഗണിക്കാന്‍ മാര്‍ച്ച് 28ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിസമ്മതിച്ചു. സ്വന്തം അന്വേഷണം തുടരുകയാണ്.
റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തെറ്റു കണ്ടാല്‍, എഫ്ഐആര്‍ നിര്‍ദേശിക്കാം. അല്ലെങ്കില്‍ വിഷയം പാര്‍ലമെന്‍റിലേക്കു റഫര്‍ ചെയ്യാം എന്നായിരുന്നു പരമോന്നത കോടതിയുടെ വിശദീകരണം. എഫ്ഐആര്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ പറഞ്ഞത്.
ഏതാനും നോട്ടുകെട്ടുകളല്ല, ഇന്ത്യന്‍ ജുഡീഷറിയുടെ വിശ്വാസ്യതയാണു ഡല്‍ഹിയില്‍ കത്തിയെരിഞ്ഞത്. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്കെല്ലാം ഉറപ്പു നല്‍കുന്ന തുല്യനീതിയുടെ കാര്യം കട്ടപ്പൊക! ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമല്ല, നീതിയുടെ കാവലാളന്മാര്‍ക്കും പ്രത്യേക നീതിയാണെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ജസ്റ്റീസ് വര്‍മ കുറ്റം ചെയ്തുവെന്നതില്‍ സുപ്രീംകോടതിക്കു സംശയമില്ല. അതിന്‍റെ തെളിവുകളിലൊന്നു മാത്രമാകും വിവാദജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ നടപടി.
ഒരു കോടതിയില്‍നിന്നു മറ്റൊന്നിലേക്ക് അഴിമതി കൈമാറുകയാണു ഫലത്തില്‍ നടന്നത്. ഇതിനെതിരേ പ്രതിഷേധിച്ച വക്കീലന്മാരെയും നിശബ്ദരാക്കി.
കോലാഹലത്തില്‍ മുങ്ങി
പാര്‍ലമെന്‍റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ല്, അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പകരം തീരുവ, മണിപ്പുര്‍ കലാപവും രാഷ്‌ട്രപതിഭരണവും തുടങ്ങിയവ മുതല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം, സിനിമാ വിവാദം, ഗുജറാത്ത് കലാപം വീണ്ടും ഉണര്‍ത്തിയ സിനിമയുടെ നിര്‍മാതാവിനെതിരേ ഇന്നലെ നടത്തിയ വ്യാപക റെയ്ഡ്, വീണാ വിജയന്‍റെ സിഎംആര്‍എല്‍ സാമ്പത്തിക കേസ് വരെയുള്ള കോലാഹലങ്ങള്‍ക്കിടയില്‍ ജസ്റ്റീസ് വര്‍മയുടെ വീട്ടില്‍ അഴിമതിപ്പണം കത്തിയെരിഞ്ഞതു രാജ്യത്തു ഫലപ്രദമായ ചര്‍ച്ചയ്ക്കു വിധേയമാകാതെ പോയി. ജനരോഷം ഉയര്‍ന്നതിനെത്തുടര്‍ന്ന് പാര്‍ലമെന്‍റില്‍ ഉന്നയിച്ചെങ്കിലും ജഡ്ജിയായതിനാല്‍ അനന്തര നടപടികളൊന്നുമുണ്ടായില്ല.
ഗുരുതരമായ കുറ്റം ചെയ്ത ജഡ്ജിക്കെതിരേ അര്‍ഥവത്തും ശക്തവുമായ ശിക്ഷാനടപടി വൈകുകയോ തടയുകയോ ചെയ്യുന്നു. വൈകിയ നീതി നീതിനിഷേധമാണെന്നതു ജനം മറക്കണമോ? വ്യക്തമായ തെളിവുകളുണ്ടായിട്ടും മൂന്നാഴ്ച കഴിഞ്ഞും കേസെടുത്തിട്ടില്ല. സാധാരണക്കാരനായ ഒരാളുടെ വീട്ടിലാണ് അഞ്ചു ചാക്കുകള്‍ നിറയെ നോട്ടുകള്‍ കത്തിയതെങ്കില്‍ ഇതാണോ രീതി? ക്രിമിനല്‍ കുറ്റത്തിനു രക്ഷാകവചമോ? ക്രിമിനല്‍ കുറ്റകൃത്യത്തെയും നഗ്നമായ അഴിമതിയെയും നിസാരവത്കരിക്കുന്നവരെയും മറ പിടിക്കുന്നവരെയും ആരു ശിക്ഷിക്കാന്‍!
കൈകഴുകുന്ന ന്യായാധിപന്‍
സ്വന്തം വീട്ടിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ക്ക് അബദ്ധത്തില്‍ തീപിടിച്ച മാര്‍ച്ച് 14നു രാത്രിയില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം ഭോപ്പാലിലായിരുന്നു. സ്റ്റോര്‍ റൂമില്‍ തീപിടുത്തമുണ്ടായ വിവരം മകളും ജോലിക്കാരനുമാണു ഫയര്‍ ഫോഴ്സിനെ അറിയിച്ചത്. അഗ്നിശമനസേന എത്തുമ്പോഴാണു നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞതു കണ്ടത്. പാതിയിലേറെ കത്തിയ കറന്‍സി നോട്ടുകളുടെ വീഡിയോയും വിവരങ്ങളും ഹൈക്കോടതി ചീഫ് ജസ്റ്റീസിനു പോലീസ് കമ്മീഷണര്‍ വാട്ട്സ്ആപ് മുഖേന കൈമാറി. തീപിടിത്തമുണ്ടായ സ്റ്റോര്‍മുറിയില്‍നിന്നു കത്തിക്കരിഞ്ഞ ‘ചില വസ്തുക്കള്‍’ നീക്കം ചെയ്തതായി പോലീസ് കമ്മീഷണര്‍ ചീഫ് ജസ്റ്റീസിനെ അറിയിച്ചു.
എന്നാല്‍, വീട്ടിലെ സ്റ്റോര്‍ റൂമില്‍നിന്നു കണ്ടെടുത്ത നോട്ടുകെട്ടുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് ജസ്റ്റീസ് വര്‍മ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. വസതിക്ക് പുറത്തുള്ള സ്റ്റോര്‍ റൂം പൂട്ടാറില്ലെന്നും ആര്‍ക്കു വേണമെങ്കിലും അതുപയോഗിക്കാമെന്നുമാണ് അവകാശപ്പെട്ടത്. വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തനിക്കെതിരായി എന്തോ നീക്കം നടക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, വസതിയുടെ സമീപത്തുനിന്നു കത്തിക്കരിഞ്ഞ നിരവധി നോട്ടുകള്‍ കണ്ടതായി ശുചീകരണ തൊഴിലാളികള്‍ സ്ഥിരീകരിച്ചു.
പൊരുത്തക്കേടുകളേറെ
സംഭവത്തില്‍ ഇതുവരെയുള്ള പൊരുത്തക്കേടുകള്‍ നിരവധിയാണ്. എങ്ങനെയാണ് ഇത്രയേറെ പണം ജഡ്ജിയുടെ സ്റ്റോര്‍ റൂമില്‍ എത്തിയതെന്നും തീപിടിത്തമുണ്ടായതിനു ശേഷം കത്തിക്കരിഞ്ഞ വസ്തുക്കള്‍ അവിടെനിന്ന് നീക്കം ചെയ്തത് ആരാണെന്നും ഇപ്പോഴും വ്യക്തതയില്ല.
സ്റ്റോര്‍ റൂമില്‍ മൊത്തം എത്ര കോടി രൂപ ഉണ്ടായിരുന്നുവെന്ന് ആരും വ്യക്തമാക്കുന്നില്ല. 50 കോടി രൂപ ഉണ്ടായിരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. പോലീസ് സംരക്ഷണമുള്ള ഔദ്യോഗിക വസതിയിലെ കോമ്പൗണ്ടില്‍ അനുവാദമില്ലാതെ ആര്‍ക്കും പ്രവേശനമില്ല. ജഡ്ജിയുടെ വീടിനു പുറത്തും പിന്നീട് ഏതാനും കത്തിയ നോട്ടുകള്‍ കണ്ടെത്തിയിരുന്നു.
ഈ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള പ്രഹേളികയെ കൂടുതല്‍ ആഴത്തിലാക്കുന്നതാണു കഴിഞ്ഞ ദിവസങ്ങളിലെ നീക്കങ്ങള്‍. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായയുടെ തിരുത്തിയെഴുതിയ കണ്ടെത്തലുകളും ജസ്റ്റീസ് വര്‍മയുടെ പ്രതികരണവും ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. തീപിടിച്ച മുറിയിലെ അവശിഷ്ടങ്ങള്‍ അടുത്ത ദിവസം നീക്കം ചെയ്തതായി പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റീസ് വര്‍മയോടൊപ്പമാണ് അടുത്ത ദിവസം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ സെക്രട്ടറി ഔട്ട്ഹൗസ് സന്ദര്‍ശിച്ചത്. അവിടെ അദ്ദേഹം പാതി കത്തിയ നോട്ടുകെട്ടുകള്‍ കണ്ടെത്തിയിട്ടും എന്തുകൊണ്ട് ആ പ്രദേശം സീല്‍ ചെയ്തില്ല? അവശിഷ്ടങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?
സംഭവത്തെക്കുറിച്ചു ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉപാധ്യായയെ അറിയിക്കാന്‍ പോലീസ് 17 മണിക്കൂറിലധികം എടുത്തത് എന്തുകൊണ്ടാണ്? സംഭവത്തിന്‍റെ വീഡിയോ കമ്മീഷണറുടെ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്നതിനാല്‍ ഈ കാലതാമസം പ്രത്യേകിച്ചു സംശയാസ്പദമാണ്. ആ നിര്‍ണായക 17 മണിക്കൂറിനുള്ളില്‍ എന്താണു സംഭവിച്ചത്? ജഡ്ജിയുടെ വസതിയില്‍നിന്ന് നോട്ടുകെട്ടുകള്‍ കിട്ടിയിട്ടില്ലെന്ന് അഗ്നിശമനസേനാ മേധാവിയുടേതായി ആദ്യം വ്യാജസന്ദേശം പ്രചരിപ്പിച്ചത് ആരാണ്? അതിനെതിരേ നടപടിയുണ്ടായോ? ജസ്റ്റീസ് വര്‍മയുടെ വസതിയിലെ സിസിടിവി ദൃശ്യങ്ങളിലെ വിവരങ്ങള്‍ എന്തിന് ഒളിച്ചുവയ്ക്കുന്നു?
അഴിമതിക്കഥകള്‍ തുടര്‍ക്കഥ
ഹൈക്കോടതി ജഡ്ജിക്കെതിരേ കര്‍ശന നടപടി വൈകുന്നതുമൂലം നീതിപീഠത്തിന്‍റെ നിഷ്പക്ഷതയ്ക്കു മേലാണു കരിനിഴല്‍ വീഴുന്നത്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് വര്‍മയുടെ രാജി വാങ്ങാനെങ്കിലും കഴിയുമോയെന്നതാണു ചോദ്യം. ഇല്ലെങ്കില്‍ പാര്‍ലമെന്‍റില്‍ ഇംപീച്ച്മെന്‍റ് നടപടിക്കു ശിപാര്‍ശ ചെയ്യുക മാത്രമാകും പോംവഴി. ഇംപീച്ച്മെന്‍റിനു മുമ്പായി രാജിവച്ചാല്‍ ജഡ്ജിമാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങളെല്ലാം കിട്ടും.
സാമ്പത്തിക തിരിമറി നടത്തിയതിന് കോല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റീസ് സൗമിത്ര സെന്നിനെ രാജ്യസഭ ഇംപീച്ച് ചെയ്തിരുന്നു. പക്ഷേ, ലോക്സഭയില്‍ ഇംപീച്ച് ചെയ്യുന്നതിനു മുമ്പേ അദ്ദേഹം രാജിവച്ചു. രാജിക്കു ശേഷം ഒരു ക്രിമിനല്‍ പ്രോസിക്യൂഷനും ഉണ്ടായില്ല. വിരമിക്കലിനു ശേഷമുള്ള ആനുകൂല്യങ്ങള്‍ അദ്ദേഹത്തിനു കിട്ടുകയും ചെയ്തു. ജുഡീഷറിയിലെ വര്‍ധിച്ചുവരുന്ന പുഴുക്കുത്തുകളെ നിയന്ത്രിക്കാന്‍ ഇംപീച്ചമെന്‍റിനും കഴിഞ്ഞില്ല.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റീസ് നിര്‍മല്‍ യാദവിന്‍റെ ഔദ്യോഗിക വസതിയുടെ വാതില്‍ക്കല്‍ 15 ലക്ഷം രൂപ അടങ്ങിയ ബാഗ് കണ്ടെത്തിയ സംഭവം 2009ലായിരുന്നു. കൈക്കൂലി പണമായിരുന്നു ബാഗിലെന്നായിരുന്നു ആരോപണം. സിബിഐ അന്വേഷിച്ച കേസില്‍ ഇന്നേവരെ ആരെയും ശിക്ഷിച്ചതായി അറിവില്ല. ഒരു മെഡിക്കല്‍ കോളജിന് അനുകൂലമായി നിയമവിരുദ്ധമായ പ്രതിഫലം സ്വീകരിച്ചതായി ആരോപിക്കപ്പെട്ട അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് നരേന്‍ ശുക്ലയ്ക്കെതിരായ 2019ലെ സിബിഐ അന്വേഷണം മറ്റു ശ്രദ്ധേയമായ കേസുകളില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന് ഒരു ശിക്ഷയും ലഭിച്ചില്ല. 2012ല്‍ നിയമവിരുദ്ധ ഖനന കേസില്‍ ‘ജാമ്യത്തിന് പണം’ എന്ന അഴിമതിക്കുരുക്കില്‍ സിബിഐ സ്പെഷല്‍ ജഡ്ജി തല്ലൂരി പട്ടാഭിരാമ റാവു ഉള്‍പ്പെട്ടിരുന്നു.
വിശ്വാസം പുനഃസ്ഥാപിക്കണം
ഇന്ത്യയിലെ 16 മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ എട്ടുപേര്‍ അഴിമതിക്കാരാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചതു മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണും മകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണുമാണ്.
കെട്ടിക്കിടക്കുന്ന അഞ്ചു കോടിയിലധികം കേസുകള്‍, സുതാര്യമല്ലാത്ത ജുഡീഷല്‍ നിയമനങ്ങള്‍, അഴിമതി ആരോപണങ്ങള്‍, രാഷ്‌ട്രീയ, മത, സാമ്പത്തിക താത്പര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ തുടങ്ങിയവയെല്ലാം ജഡ്ജിമാരുടെ മുഖം വികൃതമാക്കുന്നു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര പരിഷ്കാരങ്ങള്‍ ആവശ്യമാണ്. പൂച്ചയ്ക്കാരു മണികെട്ടുമെന്ന് ഉന്നത ജുഡീഷറി തീരുമാനിക്കട്ടെ. പക്ഷേ ഇനിയും വൈകരുത്.