ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എമിറേറ്റിന്റെ എക്സിക്യൂട്ടിവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ടീമുമായി സഹകരിച്ച് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു. ജി.ഡി.ആർ.എഫ്.എയുടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ശിൽപശാലയിൽ പങ്കെടുത്തു.
മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ പ്രവണതകൾ അറിയാനും സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിലും പൊതുനയങ്ങളുടെ രൂപവത്കരണത്തിലും അത് സംയോജിപ്പിക്കാനും ഉദ്യോഗസ്ഥരെ പ്രാപ്തമാക്കുകയാണ് ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സാഹചര്യങ്ങളിൽനിന്നുള്ള യഥാർഥ കേസ് പഠനങ്ങൾ ശിൽപശാലയിൽ അവലോകനം ചെയ്തു.
ജി.ഡി.ആർ.എഫ്.എയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പെരുമാറ്റ ശാസ്ത്രപരമായ ആശയങ്ങൾ പ്രയോഗിക്കുന്നതിന് എക്സിക്യൂട്ടിവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ഇത്തരം ശിൽപശാലകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
സർക്കാറിന്റെ സേവനങ്ങളുടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക ശാസ്ത്രീയ രീതികൾ സ്വീകരിക്കുന്നതിനും സ്ഥാപനപരമായ വേഗം വർധിപ്പിക്കുന്നതിനുമുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ശിൽപശാലയെന്ന് ലീഡർഷിപ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ പറഞ്ഞു.