ദുബൈ എമിറേറ്റിലെ പാർക്കിങ് നിരക്കു വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഉയർന്ന ഫീസ് ഈടാക്കും. തിരക്കില്ലാത്ത മണിക്കൂറുകളിൽ നിരക്കിൽ മാറ്റമില്ല. ഞായറാഴ്ചളിൽ പാർക്കിങ് സൗജന്യമായി തുടരും. എല്ലാ പബ്ലിക് സോണുകളിലെയും പ്രീമിയം എന്നടയാളപ്പെടുത്തിയ സ്ഥലങ്ങളിലാണ് നിരക്കു വർധന വരുന്നത്. ഇവിടെ രണ്ടു തരം പാർക്കിങ് ഫീസാണ് ഇന്ന് മുതൽ ഈടാക്കുക. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ നിരക്കും തിരക്കില്ലാത്ത സമയത്ത് നിലവിലെ നിരക്കും.
തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്ന രാവിലെ എട്ടു മുതൽ പത്തു വരെയും വൈകിട്ട് നാലു മുതൽ രാത്രി എട്ടു മണിവരെയും ഉയർന്ന പാർക്കിങ് ഫീ നൽകണം. പീക്ക് സമയത്ത് പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂറിന് ഇനി മുതൽ ആറു ദിർഹമാണ് ഈടാക്കുക. ഓഫ് പീക്ക് സമയങ്ങളിൽ നാലു ദിർഹം. രണ്ടു മണിക്കൂറിന് പന്ത്രണ്ടു ദിർഹവും മൂന്നു മണിക്കൂറിന് പതിനെട്ടു ദിർഹവും അടക്കണം. ഇതുവരെ എട്ട്, പന്ത്രണ്ട് ദിർഹമായിരുന്നു നിരക്കുകൾ.
ഓഫ് പീക്ക് സമയമായി കണക്കാക്കുന്ന രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയും രാത്രി എട്ടു മുതൽ പത്തുവരെയും പാർക്കിങ് ഫീ പഴയതു പോലെ തുടരും. ഡൈനാമിക് പാർക്കിങ് ഫീ ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായി പാർക്കിങ് കോഡുകളിൽ ഈയിടെ മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു. ഇതിന്റെ ഭാഗമായി നിലവിലെ എ,ബി,സി,ഡി പാർക്കിങ് സോണുകളിൽ പ്രീമിയം എന്ന് സൂചിപ്പിക്കുന്ന തരത്തിൽ ചില ഭാഗങ്ങൾ എപി, ബിപി, സിപി, ഡിപി എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമേ, ഇവന്റ് സോണുകൾക്ക് സമീപത്തുള്ള പാർക്കിങ് സോണുകളിൽ പാർക്കിങ് നിരക്ക് മണിക്കൂറിന് ഇരുപത്തിയഞ്ച് ദിർഹമാണ്. ഫെബ്രുവരിയിൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.