മാസപ്പടി കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോ സർക്കാറോ വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കേസ് ഡൽഹി ഹൈക്കോടതിയിൽ കേട്ടുകൊണ്ടിരിക്കുകയാണ്. കേസ് വിശദമായി കേൾക്കുന്നതിന് വേണ്ടി തീയതി പോലും തീരുമാനിച്ചിട്ടുണ്ട്. കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റി പുതിയ ജഡ്ജി കേസ് വിശദമായി കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞിട്ടു.
എസ്എഫ്‌ഐഒ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇത് ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിത്. മൂന്നു വിജിലൻസ് കോടതികൾ, തിരുവനന്തപുരം കോടതി മൂവാറ്റുപുഴ കോടതി കോട്ടയം കോടതി എന്നിവ ഈ കേസ് സംബന്ധിച്ച്, അഴിമതി നിരോധന നിയമമനുസരിച്ച് മുഖ്യമന്ത്രിയെ പ്രതിചേർക്കുന്നതിന് ഒരു തെളിവുമില്ല എന്നാണ് പറഞ്ഞതെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.