കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട ബാലു രാജിവെച്ചു

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട ബി.എ ബാലു രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് കത്തിലെ വിശദീകരണം. രാജി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അംഗീകരിച്ചു. ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനേയും സർക്കാറിനേയും അറിയിക്കും.

കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.അതിനുശേഷം ബാലു അവധിയിലായിരുന്നു.ബാലു രാജിവച്ചതിനാൽ ലിസ്റ്റിലെ അടുത്ത ആളെ നിയമിക്കും. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു ബാലു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം നൽകിയത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാർ കത്ത് നൽകിയിരുന്നു. ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്.

തസ്തികമാറ്റം ആവശ്യപ്പെട്ട് കഴകക്കാരൻ ബാലു കത്ത് നൽകിയിരുന്നു. ക്ഷേത്രത്തിൽ കഴകക്കാരൻ ആകാൻ ഇനിയില്ലെന്ന് ബാലു നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനമെന്നും ബാലു പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *