ജഡ്ജിയുടെ വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഹൈകോടതി ബാർ അസോസിയേഷൻ തലവന്മാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നേരിൽ കണ്ട് ആവശ്യപ്പെട്ടു.
അലഹബാദ് ഹൈകോടതിയിലേക്ക് ജസ്റ്റിസ് വർമയെ തിരിച്ചയക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
കേരള, കർണാടക, ഗുജറാത്ത്, അലഹബാദ്, ലഖ്‌നോ ഹൈകോടതി ബാർ അസോസിയേഷനുകളുടെ അധ്യക്ഷന്മാരാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് ഈ ആവശ്യമുന്നയിച്ച് കത്തെഴുതിയ ശേഷം ഡൽഹിയിൽ വന്ന് അദ്ദേഹത്തെ നേരിൽ കണ്ടത്.
കേസിൽ ശരിയായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. അലഹബാദ് ഹൈകോടതിയിലേക്കുള്ള സ്ഥലം മാറ്റം തടഞ്ഞില്ലെങ്കിൽ അവിടെയെത്തി ബാർ അസോസിയേഷൻ നടത്തുന്ന സമരത്തിനു പിന്തുണ നൽകുമെന്നും ഇവർ വ്യക്തമാക്കി.