വന്യമൃഗങ്ങളെ കൊല്ലാൻ പറയാൻ തനിക്കാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. കേരളത്തിലെ വന്യമൃഗ ആക്രമണം സംബന്ധിച്ച് രാജ്യസഭയിൽ ഇടത് എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വന്യജീവികളും മനുഷ്യ ജീവനുകളും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് 2021 മുതൽ 2025 വരെ 344 പേർ മരിച്ചെന്ന കണക്കും മന്ത്രി പുറത്തുവിട്ടു. ഇതിൽ 180 പേർ പാമ്പ് കടിയേറ്റാണ് മരിച്ചത്. പന്നി, ആന അടക്കുള്ള മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണ് ബാക്കിയുള്ളവർ. ആനകളുടെയും, കടുവകളുടെയും ആക്രമണത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. വന്യമൃഗങ്ങളെ കൊല്ലാൻ പറയാൻ തനിക്കാവില്ല. എല്ലാ ജീവനുകളും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും തീരുമാനമെടുക്കാനുള്ള അധികാരങ്ങളുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. നേരത്തെ കേരളത്തിലെ 250 പഞ്ചായത്തുകൾ വന്യ ജീവി ആക്രമണ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ഉന്നയിച്ച ജോൺ ബ്രിട്ടാസ് എംപി സംസ്ഥാനത്ത് 9000 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിലുള്ള സംഘം ഭൂപേന്ദ്ര യാദവിനെ സന്ദർശിച്ചു. കേരളത്തിലെ വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ് ഈ സംഘത്തെ അറിയിച്ചു. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല.