തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽ പാലം ഏപ്രിൽ ആറ് രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാലത്തിന്‍റെ പുനർ നിർമാണ പ്രവൃത്തികളെ തുടർന്ന് ഏറെ നാളായി മുടങ്ങിയ ട്രെയിൻ സർവീസ് ഇതോടെ പുനരാരംഭിക്കുന്നതാണ്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രി രാമേശ്വരത്തെ രാമക്ഷേത്രത്തിലുമെത്തും. ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ശ്രീലങ്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി, അവിടെനിന്ന് നേരിട്ട് രാമേശ്വരത്തേക്കാണ് എത്തുന്നത്.
1914ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം ഉപയോഗശൂന്യമായതിനെ തുടർന്ന് 2019ൽ ട്രെയിൻ സർവീസുകൾ നിർത്തിയിരുന്നു. 2022ലാണ് പുതിയ പാലത്തിന്‍റെ നിർമാണ പ്രവൃത്തി ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉദ്ഘാടമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ദേശീയ സുരക്ഷാ കമീഷന്‍റെ പരിശോധനകളിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പാലം തുറന്നുകൊടുക്കൽ വൈകുകയായിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈർഘ്യം. കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണിത്. 27 മീറ്റർ ഉയരത്തിലേക്കു പൊങ്ങുന്ന ലിഫ്റ്റിങ് സ്പാനിന് 72.5 മീറ്ററാണ് നീളം. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാൻ മൂന്നു മിനിറ്റും അടയ്ക്കാൻ രണ്ടു മിനിറ്റും മതി. 540 കോടി രൂപ ചെലവഴിച്ചാണ് റെയിൽ വികാസ് നിഗം പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഇരട്ട ലൈനിൽ തയാറാക്കിയ ട്രാക്കിലൂടെ വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്കും കടന്നുപോകാനാകും.