ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് യുഎഇ സമയം 6ന് അസമിലാണ് മത്സരം. ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ട ശേഷമാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനോടാണ് പരാജയപ്പെട്ടത്.
സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല. ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത സഞ്ജു 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.