ഓപ്പൺ എ.ഐ ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ പുറത്തിറക്കി. ഇത് വരെ ഉണ്ടായവയിൽ ഏറ്റവും നൂതനമായ മോഡലാണിത്. ഓപ്പൺ എ.ഐ, സി.ഇ.ഒ സാം ആൾട്ട്മാൻ X വഴിയാണ് ഈ വാർത്ത പങ്കുവെച്ചത്. “ഈ മോഡൽ ഉപയോഗിച്ച് ഉണ്ടാക്കിയ ചില ചിത്രങ്ങൾ കണ്ടപ്പോൾ, അവ എ.ഐ സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കാൻ ആയില്ലെന്ന്,” അദ്ദേഹം പറഞ്ഞു. “ഉപയോക്താക്കൾക്ക് സൃഷ്ടിപരമായ സ്വാതന്ത്ര്യം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, അതോടൊപ്പം സുരക്ഷയും നിയന്ത്രണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്”- ആൾട്ട്മാൻ കൂട്ടിച്ചേർത്തു.
ധാരാളം മാറ്റങ്ങൾ വരുത്തിയാണ് പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ജി.പി.ടി 4o മോഡലിന്റെ സഹായത്തോടെ ഫോട്ടോകൾ നിർമിക്കാനും ഉപയോക്താവിന് ആവശ്യമായ മാറ്റങ്ങൾ വരുത്താനും സാധിക്കും. കൂടാതെ സ്വാഭാവിക സംഭാഷണത്തിലൂടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയും.
ടെക്സ്റ്റ് കൃത്യമായി റെൻഡർ ചെയ്യുന്നതിലും കൂടുതൽ കൃത്യതയോടെ നിർദേശങ്ങൾ പാലിക്കുന്നതിലും ഒന്നിലധികം ആവർത്തനങ്ങളിൽ സ്ഥിരത നിലനിർത്തുന്നതിലും ഈ മോഡൽ മികച്ചതാണെന്ന് കമ്പനി അറിയിച്ചു.
പുതിയ മോഡൽ ഗെയിം വികസനം, വിദ്യാഭ്യാസ സാമഗ്രികൾ, ചരിത്ര പര്യവേക്ഷണം തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒരു ഇമേജിൽ 10-20 വ്യത്യസ്ത വസ്തുക്കൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്നതിനാൽ മുൻകാല മോഡലുകളെക്കാൾ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.
ഈ മോഡലിന് ചില പരിമിതികൾ ഉണ്ട്. ലാറ്റിൻ ഇതര ഭാഷകൾ റെൻഡർ ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും ചില ചിത്രങ്ങൾ തെറ്റായി ക്രോപ്പ് ചെയ്യുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണ്. കൂടുതൽ കൃത്യതയും ഉപയോക്താക്കൾക്ക് മികച്ച നിയന്ത്രണവുമുള്ള ഫീച്ചറുകൾ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ ചാറ്റ് ജി.പി.ടിയിലെ ഫ്രീ, പ്ലസ്, പ്രോ, ടീം ഉപയോക്താക്കൾക്ക് ലഭ്യമാണ്. എന്റർപ്രൈസ്, വിദ്യാഭ്യാസ ഉപയോക്താക്കൾക്ക് അടുത്ത മാസങ്ങളിൽ ആക്‌സസ് ലഭിക്കും. ഡെവലപ്പർമാർക്ക് API വഴി ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. ഈ പുതിയ സാങ്കേതികവിദ്യ ഉപയോക്താക്കളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താൻ സഹായിക്കും.