ഇസ ടൗണിൽ നിർമിക്കുന്ന പുതിയ വാണിജ്യകേന്ദ്ര പദ്ധതിയുടെ നിർമാണസ്ഥലം മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് സന്ദർശിച്ചു. രാജ്യത്തുടനീളമുള്ള മുനിസിപ്പൽ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ വാണിജ്യകേന്ദ്രം ഇസ ടൗണിന് പുതിയ മുഖം നൽകും. അവശ്യസാധനങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ വിശാലമായ പാർക്കിങ് സൗകര്യവും മാംസം, മത്സ്യം, കോഴി എന്നിവക്കായി പ്രത്യേക സ്ഥലങ്ങളും ഉണ്ടായിരിക്കും.
പ്രാദേശിക മുൻഗണനകൾക്ക് അനുസൃതമായി സതേൺ മുനിസിപ്പൽ കൗൺസിലുമായി ഏകോപിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്. 2.4 ദശലക്ഷം ബഹ്റൈൻ ഡോളർ നിക്ഷേപത്തിൽ 6,765 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിൽ കരാറിന് കീഴിൽ റമേസ് ഗ്രൂപ് സമുച്ചയം നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. സ്വകാര്യ മേഖലയുമായി സഹകരിച്ച് സേവനപദ്ധതികളെ പിന്തുണക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത മന്ത്രി ഊന്നിപ്പറഞ്ഞു.
കാര്യക്ഷമത വർധിപ്പിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും സ്വകാര്യ മേഖലയിലെ വൈദഗ്ധ്യം നേടുന്നതിനും ലക്ഷ്യമിടുന്ന സർക്കാർ ശ്രമങ്ങളുമായും പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂടുമായും ഇത്തരം പങ്കാളിത്തങ്ങൾ യോജിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുനിസിപ്പൽ കാര്യ, കൃഷി അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ, സതേൺ മുനിസിപ്പൽ കൗൺസിൽ മേധാവി അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലത്തീഫ്, മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.