ഹജ്ജ്, ഉംറ യാത്രികരും സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽനിന്ന് യാത്രതിരിക്കുന്ന പൗരന്മാരും പ്രവാസികളും ഇത് പാലിക്കണം. സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും ശിപാർശകളും അനുസരിച്ചാണ് മുന്നറിയിപ്പ്.
രണ്ട് വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ ഉംറ തീർഥാടകർക്കും വാക്സിൻ നിർബന്ധമാണ്. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളോ ദുർബലമായ പ്രതിരോധശേഷിയുള്ളവർക്ക്. മതിയായ സംരക്ഷണം ഉറപ്പാക്കാൻ യാത്രക്ക് കുറഞ്ഞത് പത്തുദിവസം മുമ്പെങ്കിലും വാക്സിൻ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധികൾ തടയൽ പൊതുജനാരോഗ്യം സംരക്ഷിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്.
ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽനിന്നുള്ള തീർഥാടകർക്ക് മെനഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക് ചെയ്യാനോ കർമങ്ങൾ നിർവഹിക്കാനോ അനുമതി ലഭിക്കില്ല. തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനും കോവിഡ്19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തിട്ടുണ്ട്.