ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം; നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം

സെക്രട്ടറിയേറ്റിന് മുമ്ബില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർ ഇന്ന് സർക്കാരുമായി നടത്തിയ ചർച്ച പരാജയം.

പ്രധാനപ്പെട്ട ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെന്ന് ആശമാർ അറിയിച്ചു. നാളെ നടത്താൻ തീരുമാനിച്ച നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നും ആശമാർ വ്യക്തമാക്കി. ഞങ്ങള്‍ ഉന്നയിച്ച ഒരാവശ്യങ്ങളും എൻഎച്ച്‌എം സ്‌റ്റേറ്റ് കോർഡിനേറ്റർ കേട്ടുപോലുമില്ലെന്ന് ചർച്ചയില്‍ പങ്കെടുത്ത ആശമാർ അറിയിച്ചു.

സമരത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച്‌എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമുണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്.

സമരവുമായി ശക്തമായി മുന്നോട്ടുപോകും. പ്രതീക്ഷയോടെയാണ് ചർച്ചയ്ക്ക് വന്നതെങ്കിലും നിരാശയോടെയാണ് ഞങ്ങള്‍ മടങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു.ഇന്ന് രാവിലെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആശ വർക്കർമാരെ അറിയിച്ചത്. ആശമാരുടെ സമരം ആരംഭിച്ച്‌ 38ാം ദിവസമാണ് സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്.

നേരത്തെ സർക്കാർ ആശമാരുമായി നടത്തിയ ചർച്ച വിജയം കണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആശമാർ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ നിരാഹാര സമരം പ്രഖ്യാപിച്ചത്. ഈ മാസം 20ാം തീയതി മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചിരുന്നു.

സമരം 36ാം ദിവസത്തിലേക്ക് കടന്ന സമയം പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *