റമദാൻ 19: സായിദ് ഹുമാനിറ്റേറിയൻ ദിനം; ഓർമകളിൽ നിറഞ്ഞ് ഷെയ്ഖ് സായിദ്

2004ൽ റമദാൻ 19ന് ഈ ലോകത്തോട് വിടപറഞ്ഞ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻറെ മഹനീയ സ്മരണയിലാണ് യു.എ.ഇ സമൂഹം. 1918ൽ അബൂദബിയിലെ ഖസ്ർ അൽ ഹുസ്‌നിൽ ജനിച്ച അദ്ദേഹം 1966 ആഗസ്റ്റ് ആറിന് എമിറേറ്റിൻറെ ഭരണസാരഥ്യം ഏറ്റെടുത്തു. നഗരവത്കരണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സൈന്യം, പൊലീസ്, സാമൂഹിക വികസനം തുടങ്ങി സർവതലങ്ങളെയും സമഗ്രമായി സ്പർശിക്കുന്ന നാഗരിക പുരോഗതിക്ക് അതോടെ തുടക്കമായി. അബൂദബിയുടെ ഭരണമേറ്റെടുത്ത് ഏതാണ്ട് രണ്ടു വർഷത്തിനു ശേഷം തൻറെ ചിന്തയും പ്രായോഗിക ജ്ഞാനവും ഇഴകിച്ചേർന്ന ഐക്യാഹ്വാനം സഹോദരങ്ങളായ എമിറേറ്റ്‌സ് ഭരണാധികാരികൾക്കു മുന്നിൽ അദ്ദേഹം സമർപ്പിച്ചു.

അദ്ദേഹത്തിൻറെ ആത്മാർഥതയുടെ മകുടോദാഹരണമായി ഇതാ ഒരു സംഭവം: അബൂദബിയുടെ ഭൂപടം ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന് ശൈഖ് സായിദ് അയച്ചുകൊടുത്തു. തൻറെ നാടിൻറെ അതിരുകൾ വരക്കാനദ്ദേഹം ശൈഖ് റാശിദിനോട് ആ കത്തിൽ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അതിരുകളെല്ലാം കൃത്രിമങ്ങളാണെന്ന വിശ്വാസമായിരുന്നു അതിന് കാരണം. ചരിത്രപരമായ ഈ ആഹ്വാനത്തിന് ഉത്തരം നൽകാൻ ശൈഖ് റാശിദ് ഒട്ടും ശങ്കിച്ചുനിന്നില്ല. യൂനിയൻ സംസ്ഥാപനത്തിൽ ഇരുവരുടെയും അഭിപ്രായം ഒന്നായിരുന്നു. അങ്ങനെ 1968 ഫെബ്രുവരി 18ന് ‘സമീഹ’ ഉടമ്പടിയിൽ രണ്ടുപേരും ഒപ്പുവെച്ചു.

നേട്ടങ്ങളാൽ പ്രശോഭിതമായ അറേബ്യൻ രാജ്യങ്ങളുടെ മുൻനിരയിൽ യു.എ.ഇയെ എത്തിച്ചത് ശൈഖ് സായിദിൻറെ അസാധാരണ മികവുതന്നെയാണ്. ശൈഖ് സായിദ് വർഷങ്ങൾക്കുമുമ്പ് കണ്ട സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം. സമത്വവും സ്വാതന്ത്ര്യവും സാധ്യതകളുമുള്ള ഖ്യാതി യു.എ.ഇ നേടിയെടുത്തതോടെ വിദേശ നിക്ഷേപകരുടെയും തൊഴിലന്വേഷകരുടെയും പ്രവാഹമാണുണ്ടായത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് വൻ മാറ്റത്തിനാണ് വഴിയൊരുക്കിയതെന്ന് ചരിത്രം. ആഗോളകേന്ദ്രമായി യു.എ.ഇ വളർന്നതിന് അടിസ്ഥാനശില പാകിയ ആ മഹാനുഭാവൻ മൺമറഞ്ഞെങ്കിലും വിസ്മൃതമാവാതെ, തിളക്കമാർന്ന് ജനമനസ്സുകളിൽ ഇന്നും മായാതെ നിലകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *