യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകൾക്ക് മങ്ങലേൽക്കുമെന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. അൽ ഐൻ- അബുദാബി റോഡ്, ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി – ദുബൈ ഹൈവേ, അൽ ഖാതിം, അർജാൻ, അബുദാബിയിലെ അൽ തവീല എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.
ഇതുകൂടാതെ, അൽ ഐനിലെ ശൈഹാൻ, ജബേൽ അലി, അൽ മിനാദ്, ദുബൈയിലെ അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ട് എന്നിവിടങ്ങളിൽ ദൃശ്യപരത വളരെ കുറവാണെന്നും യാത്രക്കാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ വേഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ന് രാജ്യത്ത് മിക്കയിടത്തും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉൾ പ്രദേശങ്ങളിൽ താപനില ഏറ്റവും കുറഞ്ഞത് 28ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയത് 33ഡിഗ്രി സെൽഷ്യസും ആയിരിക്കും. തീരദേശ മേഖലകളിൽ 26 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയും പർവ്വത പ്രദേശങ്ങളിൽ 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില അനുഭവപ്പെടുന്നത്. രാത്രികളിൽ ഈർപ്പമേറിയ കാലാവസ്ഥയായിരിക്കും. കൂടാതെ മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും അറിയിപ്പിൽ പറയുന്നു. ഒമാൻ കടലിലും അറേബ്യൻ ഗൾഫ് സമുദ്രത്തിലും ഇടത്തരം തിരമാലകളായിരിക്കുമെന്നും പ്രക്ഷുബ്ദമാകാനുള്ള സാധ്യത കുറവാണെന്നും അറിയിച്ചിട്ടുണ്ട്.