എമിറേറ്റിൽ പുതുതായി 15 പുതിയ നഴ്സറികൾക്കുകൂടി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ലൈസൻസ് അനുവദിച്ചു. അബൂദബി, അൽഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലായാണ് പുതിയ നഴ്സറികൾ തുറക്കുക. ഇതുവഴി 1250 സീറ്റുകൾ കൂടി അധികമായി സൃഷ്ടിക്കപ്പെടും.
അബൂദബിയിലെ ആൽ നഹ്‌യാനിൽ ബ്രിട്ടീഷ് ഓർകാഡ് നഴ്സറി, അൽ മൻഹലിലെ ആപ്പിൾ ഫീൽഡ് നഴ്സറി, അൽ ബാഹിയയിലെ ബ്രിട്ടീഷ് ഹോം നഴ്സറി, മദീനത്ത് അൽ റിയാദിലെ ലേണിങ് ട്രീ നഴ്സറി, അൽ ദഫ്‌റ സായിദ് സിറ്റിയിലെ ലിറ്റിൽ ജീനിയസ് നഴ്സറി, ഖലീഫ സിറ്റിയിലെ ലിറ്റിൽ സ്മാർട്ടീസ് നഴ്സറി, റീം ഐലൻഡിലെ മാപ്പിൾ ട്രീ ഇൻറർനാഷനൽ നഴ്സറീസ്, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ കിഡ്സ് ഫാൻറസി നഴ്സറി, മദീനത്ത് അൽ റിയാദിലെ സ്മോൾ സ്റ്റാർസ് നഴ്സറി, ബനിയാസിലെ തിങ്കേഴ്സ് പ്ലാനറ്റ് നഴ്സറീസ്, ആൽ നഹ്‌യാനിലെ ടൈനി ഡ്രീംസ് നഴ്സറി, അൽ റാഹയിലെ ജാക്ക് ആൻഡ് ജിൽ നഴ്സറി, അൽ കസിറിലെ റെഡ് വുഡ് നഴ്സറീസ്, ആൽ നഹ്‌യാൻ എന്നിവയാണ് പുതുതായി ലൈസൻസ് ലഭിച്ച നഴ്സറികൾ.
വാടകയും കുട്ടികളുടെ അനുപാതത്തിന് അനുസരിച്ചു നിയമിക്കപ്പെടുന്ന ജീവനക്കാരുടെ ചെലവുകളും നഴ്സറികളിലെ വിദ്യാഭ്യാസ ഉപകരണങ്ങളും സുരക്ഷാവസ്തുക്കളും അടക്കമുള്ളവയുടെ ചെലവും കണക്കിലെടുത്ത് സുതാര്യമായ ഫീസ് ആണെന്ന് പരിശോധിച്ചുറപ്പുവരുത്തിയാണ് അഡെക് നഴ്സറികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ആകെ 225 സ്വകാര്യ നഴ്സറികളാണ് അഡെക്കിന് കീഴിലുള്ളത്. ഇവിടങ്ങളിലായി 27791 സീറ്റുകളുമുണ്ട്. നഴ്‌സറിയിലെത്തുന്ന കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് നഴ്‌സറികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അഡെക് നേരത്ത പുറപ്പെടുവിച്ചിരുന്നു.