കോഴിക്കോട് താമരശ്ശേരി സംഭവത്തിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്യൂഷൻ സെൻറിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ട സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ നിയമവുമായി പൊരുത്തപ്പെടാത്ത ആറ് കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ജുവനൈൽ ജസ്റ്റീസ് കോടതി മുമ്പാകെ പോലീസ് ഹാജരാക്കിയ ഇവരെ കോഴിക്കോട് ജില്ലാ ഒബ്‌സർവേഷൻ ഹോമിൽ പാർപ്പിക്കാൻ ഉത്തരവായിട്ടുണ്ട്.
കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകത അതീവ ഗുരുതരമായ ഒരു വിഷയമായാണ്. ഇക്കാര്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും സുപ്രധാന പങ്കുണ്ട്. ഇതിനായി വിദ്യാർഥി-യുവജന സംഘടനകൾ, സിനിമാ-സാംസ്കാരിക-മാധ്യമ മേഖലകളിലെ സംഘടനകൾ, അധ്യാപക-രക്ഷാകർതൃ സംഘടനകൾ എന്നിവയുടെ യോഗം ചേർന്ന് വിപുലമായ കർമപദ്ധതി തയാറാക്കുമെന്നും നിയമസഭിയൽ കുറുക്കോളി മൊയ്തീൻ, കെ.പി.എ. മജീദ്, എൻ.എ. നെല്ലിക്കുന്ന്, നജീബ് കാന്തപുരം എന്നിവർക്ക് മറുപടി നൽകികൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പെട്ടതെങ്കിലും ഗൗരവമേറിയ ഇത്തരം അക്രമ സംഭവങ്ങൾ തടയുന്നതിനുള്ള എല്ലാ നിയമനടപടികളും സർക്കാർ കൊണ്ടുവരും. അതോടൊപ്പം കുട്ടികളുടെ അക്രമ വാസന പടരുന്നതിനെക്കുറിച്ച് ഐക്യ രാഷ്ട്രസഭ പോലും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ നമ്മുടെ കുട്ടികളുടെ ജീവിത സാഹചര്യങ്ങളും വിലയിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും കുട്ടികളെ അസ്വസ്ഥതപ്പെടുത്തുന്ന ഒപ്പമുള്ളവർ ശത്രുക്കൾ എന്ന ചിന്തയിലേക്ക് നയിക്കാനിടയാകുന്നതും പരിശോധിക്കപ്പെടണം. ജീവിത സാഹചര്യവും പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വീട്ടിലെ മുറി എന്ന പെട്ടിയിൽ നിന്ന് സ്കൂൾ ബസ് എന്ന പെട്ടിയിലേക്കും അതിൽ നിന്നു ക്ലാസ് മുറി എന്ന പെട്ടിയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്ന ബാല്യം ഒരു ഡിജിറ്റൽ ലോകത്തേക്ക് ഒതുങ്ങുകയാണ്. ഡിജിറ്റൽ അഡിക്ഷൻ ആവുന്നു. അതിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നവർ അവൻറെ ശത്രുക്കളാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപകനും വിദ്യാർഥിയും തമ്മിലും രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയതിന് കാരണങ്ങൾ പലതുണ്ട്. മയക്കുമരുന്ന് ഇവിടെ പ്രധാന കാരണങ്ങളിലൊന്നാണ്. അത് തുടച്ചു നീക്കുക തന്നെ വേണം. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒരുമയാണിവിടെ ആവശ്യമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സാമൂഹ്യബോധവും രാഷ്ട്രീയ സാക്ഷരതയുമുള്ള ക്യാമ്പസിനു മാത്രമേ അരാജക പ്രവണതകളെ തടയാനാവുകയുള്ളൂ. അതിന് ക്യാമ്പസുകളിൽ നമ്മുടെ കുഞ്ഞുങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ ചർച്ച ചെയ്തു തന്നെ പോകണം. നാളത്തെ സമൂഹത്തെ നയിക്കേണ്ട വിദ്യാർഥികൾ ജനാധിപത്യ ബോധ്യങ്ങളെ ഉൾക്കൊണ്ട്, ശാസ്ത്രീയ കാഴ്ചപ്പാടോടെ വളരണം.
സാംസ്കാരിക പ്രവർത്തനങ്ങൾ, കായിക പ്രവർത്തനങ്ങൾ, യോഗ തുടങ്ങിയ പാഠ്യേതര വിഷയങ്ങളിലെ പങ്കാളിത്തത്തിനും നിർണായകമായ പങ്ക് വഹിക്കുവാൻ കഴിയും. എല്ലാവരും ഈ വിപത്തിനെതിരെ ഒരേ വികാരമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.